ആ കുറ്റം കോടതിയില്‍ സമ്മതിച്ച് ക്രിക്കറ്റ് ഇതിഹാസം, സ്റ്റിയറിംഗ് തൊട്ടാല്‍ ഇനി എട്ടിന്‍റെ പണി!

By Web TeamFirst Published Sep 24, 2019, 11:27 AM IST
Highlights

ചെയ്‍ത കുറ്റം കോടതിയില്‍ സമ്മതിച്ച് ക്രിക്കറ്റ് ഇതിഹാസം. പിഴയും വിലക്കും വിധിച്ച് കോടതി

അമിതവേഗതയില്‍ വാഹനമോടിച്ചതിന് ക്രിക്കറ്റ് ഇതിഹാസത്തിന് ഡ്രൈവിംഗ് വിലക്ക്. ഓസ്ട്രേലിയൻ സ്‍പിൻ ഇതിഹാസം ഷെയ്ൻ വോണിനാണ് ബ്രിട്ടന്‍ ഡ്രൈവിങ് വിലക്ക് കല്‍പ്പിച്ചത്.  ഒരു വർഷത്തേക്കാണ് ബ്രിട്ടീഷ് കോടതി വോണിനെ ഡ്രൈവിംഗില്‍ നിന്നും വിലക്കിയത്.

അമിത വേഗത്തിന് തുടർച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ്  നടപടി.  കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് ഓവര്‍ സ്പീഡിന് വോണ്‍ പിടിയിലായത്. 

അഞ്ചു തവണ വേഗപരിധി ലംഘിച്ചതിന് നേരത്തെ തന്നെ വോണിന് ലൈസന്‍സില്‍ 15 പെനാല്‍റ്റി പോയിന്‍റകളുണ്ടായിരുന്നു. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ഇപ്പോള്‍ കേസിന് ആസ്പദമായ സംഭവം. തന്‍റെ വാടക ജാഗ്വാറില്‍ ലണ്ടനിലൂടെ സഞ്ചരിക്കവെ 40 മൈല്‍ (മണിക്കൂറില്‍ 64 കിലോമീറ്റര്‍) വേഗ പരിധി ലംഘിച്ചെന്നാണ് കേസ്.  മണിക്കൂറില്‍ 47 മൈല്‍ വേഗതയിലാണ് വോണ്‍ പാഞ്ഞത്. കുറ്റം വോണ്‍ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. വിലക്കിനോടൊപ്പം 1,845 യൂറോ (3,000 ഡോളര്‍ അതായത് ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ)  പിഴയും നല്‍കണം.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരിൽ രണ്ടാമത്തെ താരമാണ് ഷെയിന്‍ വോൺ. 1992 മുതൽ 2007 വരെ നീണ്ടുനിന്ന കരിയറിൽ 708 വിക്കറ്റുകളാണ് വോണ്‍ എറിഞ്ഞിട്ടത്. 145 ടെസ്റ്റുകളിൽ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോള്‍ പടിഞ്ഞാറൻ ലണ്ടനിലെ സ്ഥിരതാമസക്കാരനാണ് അൻപതുകാരനായ വോണ്‍. 

click me!