വില 85 ലക്ഷം, വേറിട്ടൊരു കാര്‍ സ്വന്തമാക്കി മലയാളികളുടെ വേറിട്ട ഗായകന്‍!

By Web TeamFirst Published Apr 13, 2021, 11:54 AM IST
Highlights

ഇപ്പോഴിതാ തന്റെ വേറിട്ട പാട്ടുകളെപ്പോലെ തന്‍റെ യാത്രകള്‍ക്കായി ഒരു വേറിട്ട വാഹനവും സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്‍ണന്‍

തന്‍റേതു മാത്രമായ വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളെ ഭാവഗാനങ്ങളില്‍ ആറാടിക്കുന്ന ഗായകനാണ് ഹരീഷ് ശിവരാമകൃഷ്‍ണന്‍. ഇപ്പോഴിതാ തന്റെ വേറിട്ട പാട്ടുകളെപ്പോലെ തന്‍റെ യാത്രകള്‍ക്കായി ഒരു വേറിട്ട വാഹനവും സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ്. ഐക്കണിക്ക് ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ 718 കേമാന്‍ എന്ന സ്‌പോര്‍ട്‌സ് കാറാണ് ഹരീഷ് ശിവരാമകൃഷ്‍ണന്‍ സ്വന്തമാക്കിയത്. ഏകദേശം 85 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഹരീഷ് ആരാധകരുമായി പങ്കുവെച്ചത്. ഗ്യാരേജിലെത്തിയ പുതിയ വാഹനം, താന്‍ ആദ്യമായി സ്വന്തമാക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്നാണ് അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗായകന്‍ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പോര്‍ഷെ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറിയ സ്‌പോര്‍ട്‌സ് കാറാണ് പോര്‍ഷെ 718. കണ്‍വേര്‍ട്ടബിള്‍, സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് കേമാന്‍. 718 ബോക്‌സ്റ്റര്‍ എന്നാണ് കണ്‍വേര്‍ട്ടബിള്‍ പതിപ്പിനെ വിശേഷിപ്പിക്കുന്നത്. 

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 300 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് പോര്‍ഷെ കേയ്മാനില്‍ ട്രാന്‍സ്‍മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കേമന്. മണിക്കൂറില്‍ 275 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. സ്‌പോര്‍ട്‌സ് കാറിന്റെ എല്ലാ ഡിസൈന്‍ സവിശേഷതകളും ഫീച്ചറുകളും കോര്‍ത്തിണക്കി ഡിസൈന്‍ ചെയ്‍തിട്ടുള്ള വാഹനമാണ് കേമാന്‍.

click me!