ട്രംപെത്തും മുമ്പേ ഇന്ത്യയില്‍ പറന്നിറങ്ങി ആറ് ഭീമന്‍ ചരക്ക് വിമാനങ്ങള്‍!

By Web TeamFirst Published Feb 24, 2020, 11:19 AM IST
Highlights

അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ അമേരിക്കയില്‍ നിന്നും ആറു ചരക്കുവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിക്കഴിഞ്ഞു. 

അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ അമേരിക്കയില്‍ നിന്നും ആറു ചരക്കുവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിക്കഴിഞ്ഞു. പ്രസിഡന്‍റിനുള്ള സുരക്ഷാ- യാത്രാസാമഗ്രികളാണ് ഈ വിമാനങ്ങള്‍ നിറയെ.

ട്രംപിന് യാത്ര ചെയ്യാനുള്ള 'ബീസ്റ്റ്' എന്ന അത്യാധുനിക ലിമോസിന്‍ കാറും ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള 'മറീന്‍-വണ്‍' ഹെലികോപ്റ്ററുകളുമൊക്കെ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. 

ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍. ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരം ആറ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. മറീന്‍ വണ്‍ ഹെലിക്കോപ്റ്ററുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ട്രംപ് സഞ്ചിരിക്കുന്ന കാഡിലാക് വണ്‍ കാര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് സി 17 ല്‍ എത്തിക്കുക.

വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വരവേല്‍ക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കും.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. 

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി വന്‍വ്യാപാരക്കരാറില്‍ ഒപ്പിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ട്രംപ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. 

click me!