
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ പുതിയ തലമുറ ഫാബിയ ഹാച്ച്ബാക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. സ്കോഡ ഓട്ടോ 2021 ഫാബിയയുടെ രേഖാചിത്രങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ ആഗോള അരങ്ങേറ്റം മെയ് 4 -ന് നടന്നേക്കും.
പുതുക്കിയ രൂപകൽപ്പനയും പുതിയ പ്ലാറ്റ്ഫോമും ഉപയോഗിച്ചാണ് വാഹനം എത്തുന്നത്. ഫ്ലാറ്റ് ഫ്രണ്ട് ഹെഡ്‌ലൈറ്റുകളും വിശാലമായ ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നു. ഗ്രില്ലിൽ ക്രോം ഫ്രെയിമും ബ്ലാക്ക് റിബ്ബുകളും നൽകിയിട്ടുണ്ട്. പുതിയ ഡിസൈൻ ഘടകങ്ങളുമായി വീലുകളും സ്കോഡ നവീകരിക്കും. പുനർരൂപകൽപ്പന ചെയ്‌ത അഞ്ച് ഡോർ ഫാബിയ ഹാച്ച്ബാക്ക് MQB-A0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഫോക്‌സ്‌വാഗൺ പോളോ, ഔഡി A1, സീറ്റ് ഇബിസ എന്നിവയും ഒരുങ്ങുന്നത്.
ഫാബിയയുടെ നീളം 110mm വർധിപ്പിച്ച് 4107 mm വരെയും, വീൽബേസ് 94 mm വർധിപ്പിച്ച് 2564 mm വരെ ഉയർത്തുകയും ചെയ്യും. 2021 ഫാബിയയിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും പഴേ മോഡലിനെ അപേക്ഷിച്ച് 50 ലിറ്റർ അധിക ലഗേജ് സ്പെയ്സും നൽകിയേക്കും. നാല് സിലിണ്ടർ 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് പുത്തൻ മോഡലിൽ വരുന്നത്. ഇത് 150 bhp കരുത്തും 250 Nm ടോർക്കും വികസിപ്പിക്കുന്നു. ഇതിൽ ഒരു DSG ട്രാൻസ്മിഷനും നിർമ്മാതാക്കൾ ഒരുക്കുന്നു.
ഫാബിയയുടെ ആദ്യ തലമുറ 2000 -ൽ അവതരിപ്പിച്ചതുമുതൽ, സ്കോഡയ്ക്ക് ഇതിനകം 4.7 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തിൽ ഒക്ടാവിയയ്ക്ക് ശേഷം ചെക്ക് നിർമ്മാതാക്കൾക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണിത്. എന്നാല്‍ ഇപ്പോൾ ഫാബിയയെ സ്കോഡ ഇന്ത്യയിൽ വിൽക്കുന്നില്ല. പുതിയ മോഡലും ഇന്ത്യൻ നിരത്തുകളിൽ ഉടൻ എത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.