100 തൊടാന്‍ 4 സെക്കന്‍ഡ്, വില 3 കോടി, മൈലേജ് 6 കിമീ; മാസ്സാണ് ദുല്‍ഖറിന്‍റെ പുത്തന്‍ വണ്ടി!

By Web TeamFirst Published Aug 2, 2021, 11:19 AM IST
Highlights

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ  ജി 63 എഎംജി എന്ന മോഡലാണ് ദുല്‍ഖര്‍ കഴിഞ്ഞദിവസം സ്വന്തമാക്കിയത്. ഇതാ ഈ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. 
 

മലയാളത്തിന്‍റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍റെ വാഹന പ്രേമം പ്രസിദ്ധമാണ്. പിതാവ് മമ്മൂട്ടിയെപ്പോലെ തന്നെ നിരവധി വാഹനങ്ങളാല്‍ സമ്പന്നമാണ് ദുല്‍ഖറിന്‍റെ ഗാരേജും. ഇപ്പോഴിതാ പുതിയൊരു ആഡംബര വാഹന കൂടി ആ ഗാരേജിലേക്ക് എത്തിയിരിക്കുന്നു. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ  ജി 63 എഎംജി എന്ന മോഡലാണ് ദുല്‍ഖര്‍ കഴിഞ്ഞദിവസം സ്വന്തമാക്കിയത്. ഇതാ ഈ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. 

വാഹനപ്രേമികളുടെ ഇഷ്‍ട മോഡലുകളിലെ ഒന്നാമത്തെ പേരായിരിക്കും മെഴ്‍സിഡീസ് ബെൻസ് ജി വാഗൺ. എസ്‍യുവിയുടെ വന്യ സൗന്ദര്യവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ജി വാഗണിന്റെ പെർഫോമൻസ് പതിപ്പാണ് ജി 63 എഎംജി. ബെൻസിന്റെ ഏറ്റവും കരുത്തുറ്റ എസ്‍യുവികളിലൊന്നായ ജി 63 എഎംജിയുടെ ഓൺറോഡ് വില ഏകദേശം 3 കോടി രൂപയോളം വരും.

4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ട്വിൻ ടർബോ ഉപയോഗിക്കുന്ന ഈ പെട്രോള്‍ എൻജിന് 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കാന്‍ സാധിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.5 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. നഗരപ്രദേശങ്ങളില്‍ ലിറ്ററിന് 6.1 കിലോമീറ്ററും അല്ലാത്ത ഇടങ്ങളില്‍ ലിറ്ററിന് എട്ട് കിലോമീറ്ററുമാണ് വാഹനത്തിന് ലഭിക്കുന്ന ഏകദേശ മൈലേജ് എന്നാണ് റിപ്പോര്‍ട്ടുകള്‍ . യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ കൂടിയാണിത്. 

ദുല്‍ഖര്‍ സ്വന്തമാക്കിയത് ഒലീവ് ഗ്രീൻ നിറത്തിലുള്ള വാഹനമാണ്. 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമാണ് ഇതിനുള്ളത്. മോളീവുഡിലെ ആദ്യ ജി63 എഎംജിമാണ് ദുൽക്കർ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏകദേശം ഇതേ വില തന്നെ വരുന്ന ബെന്‍സിന്‍റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിന്‍റെ ഗാരേജില്‍ ഉണ്ട്. രണ്ട് സീറ്റര്‍ ലിമിറ്റഡ് സ്പോര്‍ട്‍സ് കാര്‍ ആണ് ഇത്.  കൂടാതെ ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎം‍ഡബ്ല്യു 740ഐഎ തുടങ്ങിയ ക്ലാസിക്ക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ദുൽക്കറിന്‍റെ ഗാരേജിൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!