അമിതവേഗം, ആഡംബര കാര്‍ കവര്‍ന്നത് രണ്ട് പൊലീസുകാരുടെ ജീവന്‍; ദൃശ്യങ്ങള്‍ പുറത്ത്!

Web Desk   | Asianet News
Published : Jan 22, 2021, 11:24 AM IST
അമിതവേഗം, ആഡംബര കാര്‍ കവര്‍ന്നത് രണ്ട് പൊലീസുകാരുടെ ജീവന്‍; ദൃശ്യങ്ങള്‍ പുറത്ത്!

Synopsis

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി

അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരായ രണ്ട് പൊലീസുകാരെ  ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ചെന്നൈയിലെ അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെ  ആമ്പത്തുര്‍ എസ്റ്റേറ്റ് റോഡിലെ സ്വകാര്യ സ്‍കൂളിന് സമീപം ആയിരുന്നു അപകടം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.  ചെന്നൈ സിറ്റി പൊലീസിന്റെ 13-ാമത് ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രന്‍ (32), വി കാര്‍ത്തിക് (34) എന്നിവരാണ് മരിച്ചത്. 

പുലര്‍ച്ചെ  ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പൊലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പേടിലേക്കായിരുന്നു ഇവരുടെ യാത്ര. രവീന്ദ്രന്‍ അവഡിയിലും കാര്‍ത്തിക് അന്നനൂറിലുമാണ് താമസം. രവീന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്. മൊഗപ്പൈര്‍ ഈസ്റ്റിലെ ഡി.എ.വി സ്കൂളിന് സമീപം വലത്തേക്ക് തിരിഞ്ഞ് ആമ്പത്തൂര്‍ എസ്‍റ്റേറ്റ് റോഡിലേക്ക് കയറിയ ബൈക്കിനെ എതിര്‍വശത്തു നിന്നും അതിവേഗത്തില്‍ വന്ന ബിഎംഡബ്ല്യു കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുകയും രണ്ടുപേരും തെറിച്ചുവീഴുകയും ചെയ്തു. രവീന്ദ്രന്‍ സംഭവസ്ഥലത്തും കാര്‍ത്തിക്ക് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

കാര്‍ ഓടിച്ചിരുന്ന ആമ്പത്തൂര്‍ സ്വദേശി എസ് അമൃതിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഇയാള്‍ക്കൊപ്പം വരുണ്‍ ശേഖര്‍(20) രോഹിത് സൂര്യ (21) എന്നിവരും കാറില്‍ ഉണ്ടായിരുന്നു. വരുണിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ ഇവര്‍ രോഹിത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം