
തിരുവനന്തപുരം: മോഷ്‍ടിച്ച് കടത്തുകയായിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിന് പിന്നാലെ ജീപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തലസ്ഥാന നഗരിയില്‍ കഴക്കൂട്ടത്താണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ദേശീയ പാതയിൽ കഴക്കൂട്ടം ആറ്റിൻകുഴിയില്‍ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കുന്നിടത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. സമീപത്തെ ജ്യൂസ് കടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. രാത്രിയായതിനാൽ ആളപായം ഒഴിവായി.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്‍ടിച്ച വാഹനമാണ് ഇതെന്ന് തിരിച്ചരിഞ്ഞു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്‍തിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടതെന്നാണ് കണ്ടെത്തിയത്.
ജീപ്പ് ഓടിച്ച ആളിനെ പറ്റി പോലിസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം വാഹനത്തിലുണ്ടായിരുന്ന ആളിന് പരിക്ക് പറ്റിയിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. സമീപത്തെ ആശുപത്രികളിൽ പോലീസ് അന്വേഷിച്ചെങ്കിലും പരിക്ക് പറ്റിയ ആളെക്കുറിച്ച് യാതൊരു വിവരങ്ങളും പൊലീസിന് ഇതുവരെ ലഭിച്ചില്ല. അപകടത്തിൽ നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറഞ്ഞു.
ഹൈവേ നിർമ്മാണം ആരംഭിക്കുന്ന ഇവിടെ മതിയായ സൂചനാ ബോർഡുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടം പതിവാണ്. മാസങ്ങൾക്കു മുമ്പ് ഇവിടെ ലോറി ഇടിച്ചു കയറി ഡ്രൈവർ മരിച്ചിരുന്നു. അതേസമയം ജീപ്പ് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
(പ്രതീകാത്മക ചിത്രം)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona