
പൃഥ്വിരാജ് സംവിധാനം ചെയ്‍ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയേറ്ററുകളില്‍ തരംഗം തീര്‍ത്താണ് കടന്നുപോയത്. ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ആദ്യ ഭാഗത്തില്‍ മോഹന്‍ലാലിന്‍റെ സ്റ്റീഫന്‍ നെടുമ്പള്ളി ഉപയോഗിക്കുന്ന കാറിനെയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. കറുത്ത നിറമുള്ള അംബാസിഡർ ലാൻഡ് മാസ്റ്ററായിരുന്നു ഇത്. നടന്‍ നന്ദുവിന്‍റെ കാറായിരുന്നു ചിത്രീകരണത്തിനായി ഉപയോഗിച്ചത്.
ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന് തയ്യാറെടുക്കുമ്പോള്‍ വാഹനപ്രേമികളും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതേ കാറില്‍ തന്നെയായിരിക്കുമോ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാംവരവും. അതിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികളും പ്രേക്ഷകരുമൊക്കെ. 666 എന്ന ചെകുത്താന്‍റെ നമ്പറുള്ള ഈ കാറിന്‍റെ ചിത്രം അന്ന് പൃഥ്വിരാജ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അത്തരമൊരു കാത്തിരിപ്പാണ് ഈ തവണയും.
ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അമ്പാസിഡറുകൾ അഭിനയിച്ചിട്ടുണ്ട്. മാടമ്പി എന്ന ലാല്‍ ചിത്രത്തിലെ വാഹനവും കറുത്ത അംബാസിഡറായിരുന്നു.
ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍. 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം. ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം.
1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു.