സൂപ്പര്‍ എസ്‍യുവിയുടെ ഡ്രൈവിംഗ് സീറ്റില്‍ മുണ്ടുടുത്ത് സൂപ്പര്‍ താരം!

By Web TeamFirst Published Jul 23, 2020, 5:27 PM IST
Highlights

മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ്‌കും വെച്ച് ലോകത്തെ അതിവേഗ വാഹനത്തിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ സൂപ്പര്‍ താരം

സൂപ്പര്‍ താരം രജനികാന്ത് ഒരു കാർ ഓടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞ് മാസ്‌കും വെച്ച് അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് വാഹനലോകത്തെ സൂപ്പര്‍താരമായ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവി ആണ്. സിംപിള്‍ വാഹനങ്ങളില്‍ മാത്രം യാത്രചെയ്‍ത് കണ്ടിട്ടുള്ള രജനീകാന്തിന്റെ ഈ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വാഹനം അല്ലെന്നും സുഹൃത്തുകളുടെയാണെന്നുമാണ് ഫോട്ടോ കണ്ട് ചില ആരാധകരുടെ പ്രതികരണം. അതല്ല, അദ്ദേഹം ടെസ്റ്റ് ഡ്രൈവ് നടത്തുകയാണെന്നാണ് ചില ആരാധകര്‍ വാദിക്കുന്നത്. അതേസമയം അദ്ദേഹത്തിന്‍റെ മകളുടേതാണ് വാഹനം എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാരണം മകളുടെ കുടുംബത്തിനൊപ്പം രജനി നിൽക്കുന്ന ചിത്രം പിന്നീട് പുറത്തുവന്നപ്പോഴും അതിലും ഈ കാർ കാണാം. എന്തായാലും വാഹനത്തിന്റെ വിവരങ്ങളോ സ്ഥലമോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

ആരാധകര്‍ക്ക് ഈ രജനി ചിത്രം പ്രിയങ്കരമാണ്. അതിന് നിരവധി കാരണങ്ങലും ഉണ്ട്. മറ്റു താരങ്ങളെ അപേക്ഷിച്ച് വാഹന കമ്പത്തില്‍ ഏറെ പിന്നിലാണ് രജനീകാന്ത് എന്നാണ് സിനാമ ലോകം പറയുന്നത്. ടൊയോട്ട ഇന്നോവയിലാണ് മിക്കപ്പോഴും അദ്ദേഹത്തിന്റെ യാത്രകള്‍. പണ്ട് ആദ്യമായി സ്വന്തമാക്കിയ പ്രീമിയർ പദ്മിനി ഇപ്പോഴും രജനിയുടെ ഗാരേജിലുണ്ട്. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ, ഹോണ്ട സിവിക് തുടങ്ങിയവയാണ് രജനിയുടെ സ്വന്തം വാഹനങ്ങൾ. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ലോകത്തെ ഏറ്റവും വേഗതയുള്ള എസ്‍യുവിയില്‍ അതും ഡ്രൈവിംഗ് സീറ്റില്‍ തന്നെ ഇരിക്കുമ്പോള്‍ ആരാധകര്‍ അദ്ഭുതപ്പെടുന്നതും ഈ ചിത്രം അവർക്ക് പ്രിയപ്പെട്ടതാകുന്നതും.

കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.  3.60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറും വില.

click me!