എന്താണ് ടൂറിസ്റ്റ് ബസിനെ ലൈന്‍ ബസാക്കുന്ന ആ മായാജാലം..?!

By Web TeamFirst Published Apr 24, 2019, 12:44 PM IST
Highlights

ഇത്തരം ബസുകളുടെ ഏറ്റവും വലിയ നിയമ ലംഘനങ്ങളിലൊന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നു യാത്രികരെ കയറ്റി ലൈന്‍ ബസ് പോലെ ഓടുന്നത്. എന്നാല്‍ ഇത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? 

സുരേഷ് കല്ലട ബസിലെ യാത്രികരായ യുവാക്കളെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും കേരളം. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ലോബികളുടെ മാഫിയ പ്രവര്‍ത്തനങ്ങളെപ്പറ്റ് വ്യാപക പരാതികളാണ് ഉയരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവിധ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് ഈ ലോബികളുടെ പ്രവര്‍ത്തനം എന്നതാണ് യാതാര്‍ത്ഥ്യം. ഇവരുടെ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സര്‍ക്കാരും യാത്രക്കാരുടെയുമൊക്കെ അടിപതറുകയാണ് പതിവ്. 

ഇത്തരം ബസുകളുടെ ഏറ്റവും വലിയ നിയമ ലംഘനങ്ങളിലൊന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നു യാത്രികരെ കയറ്റി ലൈന്‍ ബസ് പോലെ ഓടുന്നത്. എന്നാല്‍ ഇത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? നിയമം നഗ്നമായി ലംഘിച്ചും വളച്ചൊടിച്ചുമാണ് ഈ മാഫിയകള്‍ അത് സാധിക്കുന്നത്. അതിനെക്കുറിച്ച് വിശദമായി മനസിലാക്കാം. 

ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഉള്ളത് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ്. അതായത് സ്റ്റോപ്പുകളിൽ നിന്ന്‌ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ ഇവര്‍ക്ക് അനുവാദമില്ല. കരാർ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക്‌ യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് അനുവാദം. വിനോദ യാത്രാ സംഘങ്ങളെയും വിവാഹ പാര്‍ട്ടികളെയുമൊക്കെ കൊണ്ടുപോകാനേ ഇവര്‍ക്ക് സാധിക്കൂ എന്നര്‍ത്ഥം. ഈ നിയമം പട്ടാപ്പകല്‍ കാറ്റില്‍പ്പറത്തിയാണ് ഈ ബസുകളുടെയൊക്കെ സര്‍വ്വീസുകളെന്ന് ചുരുക്കം. എന്നാല്‍ ഈ കടുത്ത നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തേക്കാമെന്ന് അധികൃതര്‍ കരുതിയാലോ? സാധിക്കില്ല.

സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും എങ്ങനെയാണ് ബസ് മുതലാളി പ്രതിരോധത്തിലാക്കുന്നത് എന്നല്ലേ? നിയമത്തിന്‍റെ തന്നെ പഴുതുകളാണ് അതിന് അവരെ സഹായിക്കുന്നത്. ടിക്കറ്റ് നൽകുന്ന ഓൺലൈൻ ബുക്കിങ് ഏജൻസിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതായി രേഖയ ഹാജരാക്കുകയാവും മുതലാളി ചെയ്യുക. അതോടെ നിയമം ലംഘിച്ച് സ്റ്റേജ് കാര്യേജായി ഓടിയെന്ന കുറ്റം ഇല്ലാതാകും! ഒന്നും ചെയ്യാനാവാതെ അധികൃതര്‍ പെടാപ്പാടു പെടുകയും ചെയ്യും. 

click me!