ആരും ഒന്ന് നോക്കി പോകും..! ഹയബൂസയുടെ പുത്തന്‍ മോഡല്‍ ഇന്ത്യയില്‍

By Web TeamFirst Published Dec 16, 2019, 7:52 PM IST
Highlights

മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡെയ്‌റിംഗ് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍ പുതിയ ഹയബൂസ ലഭിക്കും. പരിമിത എണ്ണം 2020 മോഡല്‍ ഹയബൂസ മാത്രമായിരിക്കും വില്‍ക്കുന്നത്.

ദില്ലി: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പുതിയ മോഡല്‍ ഹയബൂസ 2020 ഇന്ത്യന്‍ വിപണിയിലെത്തി. ബൈക്കിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബിഎസ് 4 എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്‍റെ ഹൃദയം.

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 നിലവാരത്തിലുള്ള അവസാനത്തെ ഹയബൂസയാണിത്. പുതിയ ഗ്രാഫിക്‌സ്, പുതിയ ഫ്രണ്ട് ബ്രേക്ക് കാലിപര്‍ എന്നിവ നല്‍കി. മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡെയ്‌റിംഗ് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍ പുതിയ ഹയബൂസ ലഭിക്കും. പരിമിത എണ്ണം 2020 മോഡല്‍ ഹയബൂസ മാത്രമായിരിക്കും വില്‍ക്കുന്നത്. വിലയില്‍ മാറ്റമില്ല. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.

പുതിയ ഹയാബുസയുടെ ചുരുങ്ങിയ യൂണിറ്റുകള്‍ മാത്രമേ സുസുക്കി പുറത്തിറക്കുകയുള്ളൂ. പുതിയ സ്‌പോര്‍ട്ടി ഗ്രാഫിക്‌സും പുതിയ ബ്രേക്ക് കാലിപേഴ്‌സും ഹയബൂസയെ വ്യത്യസ്തമാക്കും. ഇവയൊഴികെ മുന്‍മോഡലില്‍നിന്ന് ഹയബുസയ്ക്ക് വലിയ മാറ്റങ്ങളില്ല. നിലവിലെ 1340 സിസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.

197 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണ്  സുരക്ഷ. കവസാക്കി നിഞ്ച ZX-14R  മോഡലാണ് ഹയാബുസയുടെ പ്രധാന എതിരാളി.

click me!