Maruti Suzuki : പഞ്ചിനെ 'പഞ്ചറാക്കാന്‍' മാരുതി, ടാറ്റയുടെ നെഞ്ച് കലങ്ങും!

By Web TeamFirst Published Nov 27, 2021, 11:09 AM IST
Highlights

ഇപ്പോള്‍ പുറത്തുവരുന്ന പുതിയൊരു വാര്‍ത്ത മാരുതി എതിരാളികളുടെ നെഞ്ച് കലക്കുന്നതാണ്. 

രാജ്യത്തെ വാഹന വിപണിയെ അമ്പരപ്പിക്കുന്ന മൈലേജില്‍ പുതിയ തലമുറ സെലേറിയോയെ (MCelerio) മാരുതി സുസുക്കി (Maruti Suzuki) ഈ മാസം ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിപണിയില്‍ കുതിച്ചു പായുകയാണ് ഇപ്പോള്‍ ഈ മോഡല്‍. സ്വിഫ്റ്റ് (Swift), ബലേനോ (Baleno), ബ്രെസ (Brezza), എസ്-ക്രോസ് (S-Cross) തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പുതുതലമുറ പതിപ്പും ഉടൻ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പുതിയൊരു വാര്‍ത്ത മാരുതി എതിരാളികളുടെ നെഞ്ച് കലക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കള്‍, മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനുള്ള നീക്കത്തിലാണെന്നതാണ് ആ വാര്‍ത്ത. 

മാരുതിയുടെ ജാപ്പനീസ് പങ്കാളിയായ സുസുക്കി, ഒരു മൈക്രോ എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് ജാപ്പനീസ് പ്രസിദ്ധീകരണമായ ബെസ്റ്റ്കാർവെബിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാച്ചിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും സുസുക്കി സ്വിഫ്റ്റ് ക്രോസ് എന്ന പേരിൽ ജപ്പാനിൽ സുസുക്കി പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.  2024 അവസാനത്തോടെ ആഗോളതലത്തിൽ ഈ മോഡലിന്‍റെ അരങ്ങേറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് അടുത്ത വർഷം വിപണിയിലെത്താൻ ഒരുങ്ങുകയാണ്. സ്വിഫ്റ്റ് സ്പോർട് എന്ന പേരിൽ ഒരു സ്പോർട്ടി പതിപ്പും 2023-ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, സുസുക്കി സ്വിഫ്റ്റ് ക്രോസ് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ടാറ്റ പഞ്ച് പോലുള്ളവയുമായിട്ടായിരിക്കും നേരിട്ട് മത്സരിക്കുക. ഇഗ്‌നിസ് ഉള്ള ഒരു സെഗ്‌മെന്റിൽ പഞ്ചിനോട് മത്സരിക്കാൻ ആഗോളതലത്തില്‍ അവതരിപ്പിച്ചാല്‍ ഉടന്‍ മാരുതി ഈ പുതിയ മോഡലിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഇഗ്നിസിനും സബ്കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസ്സയ്ക്കും ഇടയിൽ ഒരു മോഡൽ സ്ഥാപിക്കാനാണ് സ്വിഫ്റ്റ് ക്രോസ് കൊണ്ടുവരാനുള്ള സുസുക്കിയുടെ പദ്ധതിയെന്നും മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നു. ഇഗ്നിസിന് 3,700 മില്ലീമീറ്ററും വിറ്റാര ബ്രെസ്സയുടെ നീളം 3,995 മില്ലീമീറ്ററുമാണ്.

സുസുക്കിയുടെ ഏറ്റവും പുതിയ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം വരാനിരിക്കുന്ന സ്വിഫ്റ്റ് ക്രോസിന് അടിസ്ഥാനമാകാൻ സാധ്യതയുണ്ട്. പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്ന ടർബോചാർജ്‍ഡ് 1.4 ലിറ്റർ എഞ്ചിൻ ഇതിന് ലഭിക്കും. പരമാവധി 129 bhp കരുത്തും 235 Nm ടോര്‍ഖും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. വാഹനത്തില്‍ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്‌കിഡ് പ്ലേറ്റുകൾ, ഒരു എസ്‌യുവി പോലെ തോന്നിപ്പിക്കുന്നതിന് കനത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയും കമ്പനി വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ടാറ്റ പഞ്ച് പോലെയുള്ള ഓഫ്-റോഡ് പോലെയുള്ള കഴിവുകൾ അവകാശപ്പെടുന്ന എതിരാളികൾക്കെതിരെ കടുത്ത മത്സരം കാഴ്‍ച വയ്ക്കാന്‍ മാരുതി സുസുക്കിയുടെ പുതിയ മോഡലിനെ സഹായിക്കും.

അതേസമയം ആഗോള വിപണിയിൽ ലഭ്യമായ ടൊയോട്ട യാരിസ് ക്രോസിനെ സുസുക്കി സ്വിഫ്റ്റ് ക്രോസ് ആയി പുനർനിർമ്മിച്ചേക്കുമെന്നും ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നുണ്ട്.  ഇരു ജാപ്പനീസ് കാർ നിർമ്മാതാക്കളും ഇന്ത്യയിലെ നിരവധി മോഡലുകളെ റീ ബാഡ്‍ജ് ചെയ്യുന്നുണ്ട്. ബ്രെസയെ അർബൻ ക്രൂയിസറായും ബലേനോയെ ഗ്ലാൻസയായും റീബാഡ് ചെയ്‍തുകഴിഞ്ഞു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാൻ അടുത്ത വർഷം റീബാഡ്‍ജ് ചെയ്‍ത ടൊയോട്ട RAV4 മാരുതി സുസുക്കി ഇന്ത്യയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

click me!