24 മണിക്കൂറില്‍ താണ്ടിയത് ഇത്രയും കിമീ, റെക്കോഡുമായി അൾട്രോസ്

By Web TeamFirst Published Feb 18, 2021, 2:11 PM IST
Highlights

ടാറ്റ ആൾട്രോസ് ഉടമയായ ദേവ്ജീത് സാഹയാണ് തന്റെ കാറിൽ റെക്കോർഡ് റൺ കൈവരിച്ചത്

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസിന്‍റെ ടര്‍ബോ പതിപ്പും അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് വാഹനം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

24 മണിക്കൂറിനുള്ളിൽ 1,603 കിലോമീറ്റർ ദൂരം പിന്നിട്ടാണ് പ്രീമിയം ഹാച്ച്ബാക്ക് റെക്കോർഡ് ബുക്കിൽ സ്ഥാനം നേടിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ ആൾട്രോസ് ഉടമയായ ദേവ്ജീത് സാഹയാണ് തന്റെ കാറിൽ റെക്കോർഡ് റൺ കൈവരിച്ചത്. പൂനെ സ്വദേശിയായ സാഹ, സതാരയ്ക്കും ബെംഗളൂരുവിനുമിടയിലാണ് 24 മണിക്കൂർ റൗണ്ട് ട്രിപ്പ് പൂർത്തിയാക്കിയത്.

ഡിസംബർ 15 -ന് യാത്ര ആരംഭിച്ച അദ്ദേഹം അടുത്ത ദിവസം ഇത് പൂർത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സുപ്രധാന യാത്ര നടത്താൻ അവസരം ലഭിച്ചതിൽ താൻ സന്തുഷ്ടനാണെന്നും കൂടാതെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‍സിൽ ഇടം നേടിയതിൽ താൻ അഭിമാനിക്കുന്നു എന്ന് ദേവ്ജീത് സാഹ പറഞ്ഞു. അൾട്രോസും ടാറ്റ മോട്ടോർസിലെ വിശ്വസ്‍തരായ ടീമും ഇല്ലായിരുന്നെങ്കിൽ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാറിന്റെ റൈഡ്, ഹാൻഡ്‌ലിംഗ് എന്നിവ യാത്രയെ സുഖകരവും സന്തോഷകരവുമാക്കിയെന്നും അദ്ദേഹം പറയുന്നു. 

ഇത്തരത്തിലൊരു റെക്കോർഡ് കൈവരിച്ചതിന് ശ്രീ. ദേവ്ജീത് സാഹയെ അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് ഈ നേട്ടത്തെക്കുറിച്ച് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് ഹെഡ് വിവേക് ​​ശ്രീവാത്സ പറഞ്ഞു. ഈ അപൂർവ നാഴികക്കല്ല് നേടുന്നതിനായി ദീർഘദൂര യാത്രക്കായി സാഹാ തന്റെ കൂട്ടാളിയായി ആൾട്രോസിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

2006 മുതൽ രാജ്യത്തെ എല്ലാ റെക്കോർഡുകളുടെയും ഒരു ട്രാക്ക് സൂക്ഷിക്കുന്നുണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‍സ്. വിയറ്റ്നാം, മലേഷ്യ, യുഎസ്എ, നേപ്പാൾ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ചീഫ് എഡിറ്റർമാരുള്ള ഏക ബുക്കാണിത്. അതേസമയം ഇതിന്റെ സ്ഥിരീകരണ പ്രക്രിയ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.  ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്. XT, XZ, XZ+  എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 108 ബി.എച്ച്.പി.പവറും 140 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

click me!