പുത്തന്‍ ഹൃദയവുമായി ടാറ്റയുടെ കടല്‍പ്പക്ഷി, പരീക്ഷണം തകൃതി

By Web TeamFirst Published Aug 15, 2020, 4:12 PM IST
Highlights

ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണം പുരോഗമിക്കുന്നു

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പുത്തൻ റിപ്പോർട്ടുകൾ.  ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ പ്രകടമല്ല. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാത്രമായിരിക്കും കമ്പനി മാറ്റം കൊണ്ടുവരിക. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തു വന്നിരുന്നു. 

99 bhp കരുത്തും 141 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ടർബോ പതിപ്പിനും കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയോട് എൻജിൻ ജോഡിയാവും. ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

2020 ജനുവരിയിലാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. 

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ച് ആൽ‌ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്തിരുന്നു. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

വാഹനത്തിന്‍റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍,  എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും അല്‍ട്രോസ് സ്വന്തമാക്കിയിരുന്നു. 

click me!