പഞ്ചിന്‌ ടാറ്റയിട്ടത് 'പഞ്ച്' വില, നെഞ്ച് 'പഞ്ചറായി' എതിരാളികള്‍!

By Web TeamFirst Published Oct 19, 2021, 4:16 PM IST
Highlights

ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും ഈ വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയുടെ പുതിയ മൈക്രോ എസ്‍യുവി (Micros SUV) പഞ്ചിന്റെ (Punch) വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും ഈ വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022-ജനുവരി ഒന്ന് മുതല്‍ പുതില വില പ്രാബല്യത്തില്‍ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ഈ മിനി എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് 2021 ഒക്ടോബർ നാല് മുതല്‍ ടാറ്റ ആരംഭിച്ചിരുന്നു.  21,000 രൂപ എന്ന പ്രാരംഭ ടോക്കൺ നിരക്കിലാണ് ബുക്കിംഗ് ആരംഭിച്ചത്. ടാറ്റ നെക്സോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവ അടങ്ങിയ ടാറ്റ മോട്ടോഴ്‍സിലെ ഏറ്റവും എസ് യു വി നിരയിലെ ഏറ്റവും ചെറിയ എസ് യു വിയാണ് ടാറ്റ പഞ്ച്.

പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിങ്ങനെ ടാറ്റ പഞ്ച്  നാല് ട്രിമ്മുകളിൽ ലഭ്യമാണ്.   ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

മിനി എസ്‍യുവി ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്.യു.വികളുമായും പഞ്ച് മിനി എസ്‍യുവി മത്സരിക്കും എന്നാണ് വിലയിരുത്തല്‍.

click me!