"കേട്ടത് സത്യമല്ല"; ആ ബന്ധം നിഷേധിച്ച്​ ടാറ്റ!

By Web TeamFirst Published Jan 16, 2021, 9:49 PM IST
Highlights

ഒരു ഹിന്ദി സിനിമാ ഗാനത്തിലെ രണ്ട് വരികൾ ഉദ്ധരിച്ചാണ്​ ടാറ്റ മോട്ടോഴ്‍സിന്റെ ഇലക്ട്രിക് മൊബിലിറ്റിയുടെ ട്വീറ്റ്

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം കഴിഞ്ഞ കുറേക്കാലമായി കേട്ടുതുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുക കൂടി ചെയ്‍തതോടെ ആ വാര്‍ത്തകള്‍ യാതാര്‍ത്ഥ്യവുമാകുകയാണ്. അതുകൊണ്ടുതന്നെ ടെസ്‍ലയും ടാറ്റയും തമ്മിലുള്ള കൂട്ടുകെട്ടിനെപ്പറ്റിയുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി വാഹനലോകത്ത്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അപ്പാടെ തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ടാറ്റ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്​ലയുടെ ഇന്ത്യന്‍ പ്രവേശനം ഉറപ്പിച്ചതുമുതല്‍ ഇന്ത്യയിലെ കൂട്ടാളിയെച്ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടത്​ പേര് ടാറ്റയുടെതുമായിരുന്നു. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സിന്‍റെ ഇവി വിഭാഗത്തിൽ നിന്നുള്ള ഒരു ട്വീറ്റു കൂടി വന്നതോടെ ഈ ഊഹാപോഹങ്ങൾ കൊടുമുടി കയറി. ​ ഒരു ഹിന്ദി സിനിമാ ഗാനത്തിലെ രണ്ട് വരികൾ ഉദ്ധരിച്ചാണ്​ ടാറ്റ മോട്ടോഴ്‍സിന്റെ ഇലക്ട്രിക് മൊബിലിറ്റിയുടെ ട്വീറ്റ് . വെൽക്കം ടെസ്‌ല, ടെസ്‌ല ഇന്ത്യ എന്നീ ഹാഷ്‌ടാഗുകളും അവർ പങ്കുവച്ചിരുന്നു.  ഇതോടെ ടാറ്റയുടെ ഓഹരി മൂല്യത്തിൽ കുതിപ്പും രേഖപ്പെടുത്തി. എന്നാല്‍ പിന്നീട്​ ഈ ട്വീറ്റ് ഡിലീറ്റ്​ ചെയ്​ത് ടാറ്റ വാര്‍ത്തകളെ തള്ളുകയും ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

ടെസ്​ലയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ്​ ഇപ്പോള്‍ ടാറ്റ പറയുന്നത്. 'ഞങ്ങളുടെ പിവി (പാസഞ്ചർ വെഹിക്​ൾ) ബിസിനസ്സിനായുള്ള തന്ത്രപരമായ പങ്കാളിയെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളയുകയും ചെയ്യുന്നു'- ടാറ്റ ഔദ്യോഗികമായി പങ്കുവച്ച ട്വീറ്റിൽ പറയുന്നു. വൈദ്യുത വാഹന നിർമാണത്തിൽ ടാറ്റയും ടെസ്​ലയും തമ്മിൽ സഹകരിക്കുമെന്ന വാർത്തകൾക്കാണ് ഇതോടെ വിരാമമായത്​. ​

We have not taken any decision regarding a strategic partner for our PV business and categorically deny all rumours suggesting the same.

— Tata Motors (@TataMotors)

ഈ ആഴ്ച ആദ്യം ബംഗളൂരു രജിസ്ട്രാർ ഓഫ്​ കമ്പനീസിൽ ടെസ്‍ല പേര്​ രജിസ്റ്റർ ചെയ്​തിരുന്നു.  2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്പനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്ലലയുടെ ഇന്ത്യന്‍ ഘടകം 'ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ടെസ്ല ക്ലബ് ഇന്ത്യയാണ് ബംഗളൂരിവില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതടക്കമുള്ള പുതിയ വിവരങ്ങള്‍ ട്വീറ്റിലൂടെ പുറത്തുവിട്ടത്. കമ്പനിയുടെ രജിസ്ട്രേഷന്‍ ജനുവരി എട്ടിനാണ് പൂര്‍ത്തിയായത് എന്നാണ് രേഖകള്‍. രണ്ട് ഇന്ത്യന്‍ ഡയറക്ടര്‍മാര്‍ അടക്കം മൂന്ന് ഡയറക്ടര്‍മാരാണ് ടെസ്ലയുടെ ഇന്ത്യന്‍ വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം ഉള്ളത്. ഇതില്‍ വിദേശിയായ ഡേവിഡ് ജോന്‍ ഫെനന്‍സ്റ്റീന്‍ ടെസ്ല ഗ്ലോബല്‍ സീനിയര്‍ ഡയറക്ടറാണ്. വൈഭവ് തനേജ, വി ശ്രീറാം എന്നിവരാണ് മറ്റ് രണ്ട് ഡയറക്ടേര്‍സ്. ഇതില്‍ വൈഭവ് ടെസ്ലയുടെ തന്നെ അക്കൌണ്ടിംഗ് ഓഫീസറാണ്.  ബെംഗളൂര്‍ യുബി സിറ്റിയില്‍ നിന്നും 500 മീറ്റര്‍ അകലെ ബെംഗളൂരുവിന്‍റെ ഹൃദയഭാഗത്ത് തന്നെയാണ് ടെസ്ലയുടെ പുതിയ ഇന്ത്യന്‍ ഓഫീസ്. 

അതേസമയം നിര്‍മ്മാണശാല സ്ഥാപിക്കാന്‍ കര്‍ണാടകയ്‍ക്കും മഹാരാഷ്‍ട്രയ്‍ക്കുമൊപ്പം കേരളത്തെയും കമ്പനി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ടെസ്‌ല പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരിക്കും പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. തുടക്കത്തിൽ കമ്പനി ഇലക്ട്രിക് കാർ വിൽപ്പനയാവും ശ്രദ്ധിക്കുകയെന്നും ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണത്തിലേക്ക് കടക്കുന്ന കാര്യം ആലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ല വാഹനങ്ങളിൽ ഏറ്റവും വിലകുറഞ്ഞ മോഡൽ 3 ആയിരിക്കും ആദ്യമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന മോഡൽ. കമ്പനി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. 74739 ഡോളര്‍ അഥവാ ഏകദേശം 55 ലക്ഷം രൂപയാണ് മോഡല്‍ 3യുടെ ആരംഭവില.

click me!