ഇനി പെട്രോള്‍ എഞ്ചിനുമായി കുതിക്കും ടാറ്റയുടെ പടക്കുതിര

By Web TeamFirst Published Mar 16, 2020, 12:26 AM IST
Highlights

നിലവില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹാരിയര്‍ എസ്‌യുവി ലഭിക്കുന്നത്. സെഗ്‌മെന്റില്‍ പെട്രോള്‍ എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറെയായതിനാലാണ് കമ്പനിയുടെ പുതിയ നീക്കം

ദില്ലി: പെട്രോൾ എഞ്ചിനുമായി ടാറ്റ ഹാരിയർ എസ്‌യുവികൾ വരുന്നു. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഉത്സവ സീസണ് മുമ്പ് ടാറ്റ ഹാരിയര്‍ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹാരിയര്‍ എസ്‌യുവി ലഭിക്കുന്നത്. സെഗ്‌മെന്റില്‍ പെട്രോള്‍ എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറെയായതിനാലാണ് കമ്പനിയുടെ പുതിയ നീക്കം.

ഇന്ത്യയില്‍ നെക്‌സോണ്‍, ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് കരുത്തേകുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും ഹാരിയര്‍ പെട്രോള്‍ മോഡലിന്റെ ഹൃദയം. ടാറ്റ ടിയാഗോയിലും ടിഗോറിലും പ്രവർത്തിക്കുന്ന 1.2 റെവോട്രോണ്‍ എൻജിന്റെ ഡിസ്പ്ലേസ്‌മെന്റ് കൂടിയ നാല് സിലിണ്ടര്‍ പതിപ്പാണിത്. 150 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുക. തുടക്കത്തിൽ ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും പെട്രോള്‍ മോഡലിലെ ട്രാന്‍സ്മിഷൻ. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് പിന്നീട് കൂട്ടിച്ചേർത്തേക്കും.

ബിഎസ് 6 പാലിക്കുന്ന ടാറ്റ ഹാരിയര്‍ ഈയിടെ വിപണിയിലെത്തിച്ചിരുന്നു. 2.0 ലിറ്റര്‍ ക്രയോടെക്170 ഡീസല്‍ എന്‍ജിന്‍ 168 ബിഎച്ച്പി പരമാവധി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ കരുത്ത് വര്‍ധിച്ചു. മാത്രമല്ല, ബിഎസ് 6 ഡീസല്‍ എന്‍ജിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടി നല്‍കിയിരിക്കുന്നു. പുതുതായി പനോരമിക് സണ്‍റൂഫ്, കാലിപ്‌സോ റെഡ് നിറം, എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ഇഎസ്പി എന്നിവ നല്‍കി.

അടുത്തിടെയാണ് വാഹനത്തിന് ഒരു വയസ് തികഞ്ഞത്. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനം വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറി.

ജാഗ്വാർ ആന്റ് ലാന്റ്  റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്‍ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ് ടാറ്റാ മോട്ടോഴ്സ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.  മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇത് ഏതു വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയും മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന് വാഹനത്തിന് കരുത്തേകുന്നു. ആറു സ്പീഡാണ് ട്രാൻസ്‍മിഷൻ.

XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്. കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ആണ് ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ് ഹാരിയറിനെ ജനപ്രിയമാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.

click me!