ടാറ്റ ഇനി പഴയ ടാറ്റയല്ല, വരുന്നൂ ഉടമകളെ തേടി മൊബൈൽ സർവീസ് വാനുകള്‍!

By Web TeamFirst Published Mar 14, 2019, 5:26 PM IST
Highlights

വില്‍പ്പനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിനും ഉപഭോതൃ സംതൃപ്‍തി ഉറപ്പാക്കുന്നതിനായി മൊബൈൽ സർവീസ് വാൻ സേവനം ആരംഭിച്ച് ടാറ്റ മോട്ടോർസ്.

കൊച്ചി: വില്‍പ്പനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിനും ഉപഭോതൃ സംതൃപ്‍തി ഉറപ്പാക്കുന്നതിനായി മൊബൈൽ സർവീസ് വാൻ സേവനം ആരംഭിച്ച് ടാറ്റ മോട്ടോർസ്. 'ടാറ്റ കെയർ മൊബൈൽ സർവീസ് വാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം  രാജ്യത്തെ വിവിധ നഗരങ്ങളിലെ 42 സ്ഥലങ്ങളിൽ ലഭ്യമാകും. 

പ്രത്യേക പരിശീലനം നേടിയ മെക്കാനിക്കുകളും  സ്‌പെയറുകളും ഈ സഞ്ചരിക്കുന്ന മൊബൈൽ സർവീസ് വാനിൽ ഉണ്ടാകും. ടാറ്റയുടെ അടുത്ത സർവീസ് കേന്ദ്രങ്ങളിലേക്ക് സർവീസിനായി എത്താൻ സാധിക്കാത്ത ടാറ്റ മോട്ടോർസ് യാത്രാ വാഹനങ്ങൾക്ക് ടാറ്റാ കെയർ മൊബൈൽ സർവീസ് വാൻ പ്രയോജനപ്പെടുത്താം. സൗജന്യവും പണം നൽകി ചെയ്യേണ്ടതുമായ എല്ലാത്തരം സർവീസുകളും മൊബൈൽ സർവീസ് വാൻ സൗകര്യം വഴി ടാറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 

ടാറ്റ കെയർ എന്നത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അവരുടെ അടിസ്ഥാന സർവീസ് ആവശ്യങ്ങൾ നിറവേറ്റപ്പെടുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും സമയക്കുറവുകൊണ്ടോ, മറ്റേതെങ്കിലും കാരണം കൊണ്ടോ സർവീസ് കേന്ദ്രങ്ങളിലേക്ക് എത്താൻ സാധിക്കാത്തതുമൂലം വാഹനത്തിന്റെ സർവീസ് കൃത്യമായി ചെയ്യാൻ സാധിക്കാതെ വരുന്ന ഉപഭോക്താക്കളുടെ സൗകര്യാർത്ഥമാണ് ഈ പദ്ധതി ടാറ്റ ആവിഷ്കരിച്ചിട്ടുള്ളതെന്നും ടാറ്റ മോട്ടോർസ് സീനിയർ ജനറൽ മാനേജരും,  കസ്റ്റമർ കെയർ മേധാവിയുമായ സുഭജിത് റോയ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടാറ്റയുടെ ഉപഭോക്താക്കളുടെ സൗകര്യവും വാഹനത്തിന്റെ ആരോഗ്യവും നിലനിർത്താൻ ഈ ഉദ്യമം സഹായിക്കുമെന്നും രാജ്യത്തുടനീളം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര  ഉപഭോക്‌തൃ സേവനവും, സൗകര്യവും  നൽകുക എന്ന കാഴ്ചപ്പാടിൽ തുടർന്നും ഇത്തരം നൂതനമായ പദ്ധതികൾ ടാറ്റ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തരത്തിലുള്ള അത്യാധുനിക ടൂളുകൾ, ഇലക്ട്രിക് പരിശോധന ഉപകരണങ്ങൾ,  മുൾട്ടിമീറ്റർ,  ക്ലാമ്പ്മീറ്റർ, ഹൈഡർമീറ്റർ, തെർമോമീറ്റർ, ജാക്ക്, ഓയിൽ ഡിസ്പെൻസറുകൾ, പവർ ജനറേറ്റർ, ഇൻവെർട്ടർ, എയർകംപ്രസ്സർ, എക്കോ വാഷ് കിറ്റുകൾ, വാട്ടർ സ്റ്റോറേജ് ടാങ്ക് എന്നിവയോടുകൂടിയ കാർ വാഷർ, ഹെവി ഡ്യൂട്ടി വെറ്റ്,  ഡ്രൈ വാക്കം ക്ളീനർ,  തുടങ്ങിയ സൗകര്യങ്ങളും മൊബൈൽ സർവീസ് വാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഉപഭോക്താക്കൾക്ക് ടാറ്റാമോട്ടോർസ്‌ സർവീസ് വെബ്‌സൈറ്റ് വഴി മൊബൈൽ സർവീസ് ബുക്ക് ചെയ്യാം. മൊബൈൽ വാനുകൾ അടുത്തുള്ള ഡീലർഷിപ്പുകൾ വഴി കൃത്യമായി കണ്ടെത്താനും സർവീസ് ലഭ്യമാക്കാനും സാധിക്കും. ഇതുകൂടാതെ ഓൺലൈൻ സർവീസ് ബുക്ക് ചെയ്യുന്നവർക്കായി സൗജന്യ പിക്ക് അപ്പ് ഡ്രോപ് സേവനങ്ങളും ടാറ്റ ഒരുക്കിയിട്ടുണ്ട്.  

click me!