ടാറ്റയ്ക്ക് മുന്നില്‍ മഹീന്ദ്ര വീണു, കണ്ടറിയണം ഇനി മാരുതിക്ക് സംഭവിക്കുന്നത്!

By Web TeamFirst Published Sep 12, 2020, 8:59 AM IST
Highlights

 തുടർച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ ടാറ്റ പിന്തള്ളുന്നത്

മുംബൈ : രാജ്യത്തെ യാത്രാവാഹന വിൽപ്പനയിൽ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്കുയർന്ന് ടാറ്റാ മോട്ടോഴ്‍സ്. 2020 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ടാറ്റയുടെ ഈ നേട്ടം. മാരുതിക്കും ഹ്യുണ്ടായ് മോട്ടോഴ്‌സിനും പിന്നിൽ മഹീന്ദ്രയെക്കാൾ 4,900 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി വിൽപ്പനയിൽ ടാറ്റ മൂന്നാം സ്ഥാനത്തെത്തുന്നത്. 

14,136 യൂണിറ്റുകളാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഗസ്റ്റിലെ റീട്ടെയ്ൽ വിൽപ്പന. മുൻവർഷം ഇതേ കാലത്ത് ഇത് 10,887 എണ്ണമായിരുന്നു. ജൂലായിൽ 12,753 വാഹനങ്ങൾ നിരത്തിലിറക്കാനും കമ്പനിക്കു കഴിഞ്ഞു. അൽട്രോസ്, നെക്സൺ മോഡലുകൾക്ക് ലഭിച്ച ജനപ്രീതിയാണ് മൂന്നാം സ്ഥാനത്തേക്കെത്തിച്ചതെന്നും ഇതുവഴി നടപ്പുസാമ്പത്തികവർഷം ആദ്യപാദത്തിൽ 9.5 ശതമാനം വിപണിവിഹിതം സ്വന്തമാക്കാൻ കഴിഞ്ഞതായും കമ്പനി പറയുന്നു.

അതേസമയം നിലവിലെ മാർക്കറ്റ് ഷെയർ നഷ്ടം ഒരു താൽക്കാലിക പ്രതിഭാസമാണെന്നാണ് മഹീന്ദ്ര പറയുന്നത്. കമ്പനിയുടെ വിതരണ ശൃംഖലയിലും പുതിയ ഉൽ‌പ്പന്ന അവതരണത്തിലും കോവിഡ് 19 സ്വാധീനം ചെലുത്തിയെന്നും ശക്തമായ സാന്നിധ്യവുമായി തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.

click me!