ജനപ്രിയ ഏയ്‍സിന് 16-ാം പിറന്നാള്‍, ആഘോഷിക്കാന്‍ ടാറ്റ!

By Web TeamFirst Published Jun 21, 2021, 5:00 PM IST
Highlights

ചെറിയ വാണിജ്യ വാഹനമായ ടാറ്റ എയ്‌സ്‌ പുറത്തിറങ്ങിയിട്ട് 16 വർഷങ്ങൾ തികഞ്ഞു

മുംബൈ: രാജ്യത്തെ ഏറ്റവും ജനകീയമായ ചെറിയ വാണിജ്യ വാഹനമായ ടാറ്റ എയ്‌സ്‌ പുറത്തിറങ്ങി 16 വർഷങ്ങൾ തികഞ്ഞതായി ടാറ്റാ മോട്ടോഴ്‍സ്. ഇതിന്റെ ഭാഗമായി '16 സാൽ ബേമിസാൽ' എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പതിനാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ടാറ്റാ എയ്‍സ് റോഡ് ഷോ നടത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ ഫേസ് മാസ്ക്കുകൾ വിതരണം ചെയ്‍തുകൊണ്ടാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. 

മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെറിയ വാണിജ്യ  വാഹനം ഉപയോഗിച്ച് പുതിയസംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രാധാന്യം ആയിരിക്കും പ്രചാരണത്തിൽ ഉടനീളം ടാറ്റാ മോട്ടോഴ്‍സ് ഉയർത്തിക്കാണിക്കുക. ടാറ്റ എയ്‍സ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുള്ള അവസരവുമൊരുക്കുമെന്നും കമ്പനി അറിയിച്ചു.

ഫോര്‍ വീൽ വാണിജ്യ വാഹന രംഗത്തെ മുൻനിരക്കാരായ ടാറ്റ എയ്‍സ് ആകെ വിപണി വിഹിതത്തിന്റെ 60 ശതമാനവും  കൈകാര്യം ചെയ്യുന്നു .  കഴിഞ്ഞ 16 വർഷമായി ഇന്ത്യൻ സംരംഭകരുടെ ആദ്യ പരിഗണന എപ്പോഴും ടാറ്റ എയ്സിന് ആണ്. 2005 ഇൽ ആദ്യമായി വാഹനം പുറത്തിറക്കുമ്പോൾ തന്നെ വാഹനം അറിയപ്പെട്ടിരുന്നത് 'ചോട്ടാ ഹാത്തി' എന്നാണ്. വാഹനത്തിന്റെ  ദൃഢത, ഉപയോഗ സൗകര്യം എന്നിവ 23 ദശലക്ഷം പേർക്ക് സംരംഭകത്വത്തിലേക്കുള്ള വഴി തുറന്നതായും കമ്പനി പറയുന്നു.

ടാറ്റാ മോട്ടോഴ്‍സ് ഉപഭോക്താക്കളുമായി നിരന്തരമായി ഇടപഴകുന്നതിനാൽ ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് ടാറ്റാ എയ്‌സിൽ സമഗ്രമായ പരിഷ്കാരവും മികച്ച ഡിസൈനും ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട്. ആകർഷകമായ വില, കുറഞ്ഞ പ്രവർത്തനച്ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, ഉയർന്ന ഇന്ധനക്ഷമത എന്നിവയാണ് വാഹനത്തിന്റെ വിജയത്തിന്റെ കാരണങ്ങൾ. കൂടുതൽ ട്രിപ്പുകൾ നടത്തുന്നതിനാൽ കൂടുതൽ വരുമാനവും വാഹനം ഉറപ്പാക്കുന്നു. കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും, ഗ്രാമീണ മേഖലയിലെയും നഗര മേഖലയിലെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവും വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണെന്നും കമ്പനി അവകാശപ്പെടുന്നു.

കാലഘട്ടം മാറുന്നതിനനുസരിച്ച് ടാറ്റാ മോട്ടോഴ്സ് എല്ലായിപ്പോഴും ഉപഭോക്താക്കൾക്ക് സുരക്ഷിതവും മികച്ചതും മൂല്യവത്തേറിയതുമായ സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായിയുള്ള ഏയ്‌സിന്റെ പരിണാമവും ഈ ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ടാറ്റാ മോട്ടോഴ്സിന്റെ ശക്തമായ എൻജിനീയറിംഗ് വൈദഗ്ദ്യത്തിനും ഉപഭോക്താക്കൾക്ക് പരമാവധി മൂല്യം നൽകുക എന്ന തത്വത്തിനുമുള്ള തെളിവാണെന്നും ടാറ്റാ മോട്ടോഴ്‍സ് എസ് സി വി ആൻഡ് പി യു പ്രൊഡക്ട് ലൈൻ വൈസ് പ്രസിഡണ്ട് വിനയ് പാഥക്ക് പറഞ്ഞു.

ഡീസൽ, പെട്രോൾ, സി‌എൻ‌ജി ഓപ്ഷനുകളിൽ  ഏയ്‍സ് ഗോൾഡ് ലഭ്യമാണ്. കൂടാതെ മാർക്കറ്റ് ലോജിസ്റ്റിക്സ്, പഴങ്ങൾ, പച്ചക്കറികൾ, അഗ്രി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം, പാനീയങ്ങൾ എഫ്എംസിജി, എഫ്എംസിഡി ഗുഡ്സ്, ഇ-കൊമേഴ്സ്, പാർസൽ, കൊറിയർ, ഫർണിച്ചർ, പായ്ക്ക് ചെയ്‍തവ എന്നിവയുടെ കടത്ത് തുടങ്ങി ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റാൻ വാഹനം അനുയോജ്യമാണ്. എൽപിജി സിലിണ്ടറുകൾ, പാൽ, ഫാർമ, ഭക്ഷ്യ ഉൽപന്നങ്ങൾ, ശീതീകരിച്ച ഉൽപ്പന്നങ്ങളുടെ  ഗതാഗതം, മാലിന്യ നിർമാർജന ആവശ്യങ്ങൾ എന്നിവയ്ക്കും വാഹനം സജ്ജമാണ്.

വാഹനത്തിന് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും ടാറ്റാ മോട്ടോഴ്‍സ് സഹകരിക്കുന്നുണ്ട്. എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് വാഹനം വാങ്ങിക്കുന്നതിന് ഇത് സഹായിക്കും. . കൂടാതെ, ടാറ്റ മോട്ടോഴ്‍സ് വെഹിക്കിൾ കെയർ പദ്ധതികൾ, ഫ്ലീറ്റ് മാനേജ്മെന്റ് സൊല്യൂഷനുകൾ, വാർഷിക അറ്റകുറ്റപ്പണി പാക്കേജുകൾ, സമ്പൂർണ സേവാ 2.0 എന്നിവ ലഭ്യമാക്കുന്നു. ടാറ്റാ അലേർട്ട് പ്രകാരം വാറണ്ടിയുടള്ള എല്ലാ വാഹനങ്ങൾക്കും 24x7 സമയവും സേവനം എത്തിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് ഇൻഷുറൻസിന് കീഴിൽ ഇൻഷ്വർ ചെയ്‌തിരിക്കുന്ന  വാഹനങ്ങളും 15 ദിവസത്തിനുള്ളിൽ നന്നാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ടാറ്റ കവച്, കുറഞ്ഞ സമയത്തിനുള്ളിൽ സർവീസ് പൂർത്തിയാക്കുന്നതിനുള്ള  ടാറ്റ സിപ്പി എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!