Latest Videos

തലവര മാറ്റിയ ആ മനുഷ്യന്‍ പടിയിറങ്ങുമോ? ആരാകും ടാറ്റയുടെ പുതിയ തലൈവര്‍?

By Web TeamFirst Published Jun 20, 2021, 3:56 PM IST
Highlights

ടാറ്റ മോട്ടോഴ്‍സിനെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ സിഇഒ വീണ്ടും തുടരുമോ?

ടാറ്റ മോട്ടോഴ്‍സിനെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ സിഇഒ ഗ്യുന്‍റര്‍ ബറ്റ്ഷെക്കിന്‍റെ കാലാവധി ഇനി രണ്ടാഴ്‍ച കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ആരാകും പുതിയ സിഇഒ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍ ഒരു വര്‍ഷം കൂടി ബറ്റ്ഷെക്ക് തന്നെ കമ്പനിയില്‍  തുടര്‍ന്നേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരാന്‍ ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബറ്റ്ഷെക്കിന്‍റെ അഞ്ച് വര്‍ഷ കാലാവധി 2021 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. 2021 ജൂണ്‍ വരെ തുടരാന്‍ ഗ്രൂപ്പ് നിര്‍ബന്ധിക്കുകയായിരുന്നു.

പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നത് മാര്‍ക്ക് ലിസ്റ്റോസെല്ല ആണ്. എന്നാല്‍ അദ്ദേഹം അതിന് തയാറല്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ഫസോ ട്രക്ക് ആന്‍ഡ് ബസ് കോര്‍പ്പറേഷന്‍റി സിഇഒയും പ്രസിഡന്‍റുമായിരുന്ന ലിസ്റ്റോസെല്ല ഡെയിംലര്‍ ട്രക്ക്സിന്‍റെ ഏഷ്യ മേധാവിയുമായിരുന്നു.

2016ലാണ് ബറ്റ്ഷെക്ക് ടാറ്റയില്‍ ചേരുന്നത്. കാള്‍ സ്ലിം പടിയിറങ്ങിയ സ്ഥാനത്തേക്കായിരുന്നു അദ്ദേഹം എത്തുന്നത്. എയര്‍ബസിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു അതുവരെ ബറ്റ്ഷെക്ക്. എന്തായാലും ബറ്റ്ഷെക്കിന്‍റെ വരവോടെ ടാറ്റ മോട്ടോഴ്‍സിന്‍റെ തലവരയും തെളിഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച പ്രകടനത്തോടെ രാജ്യത്തെ വാഹന വിപണിയെ ആകെ അമ്പരപ്പിക്കുകയാണ് ടാറ്റ. ഇതിന് കാരണക്കാരനായത് നിലവിലെ സിഇഒയും ഗവേഷണ വികസനത്തില്‍ ഊന്നല്‍ നല്‍കിയ സിഇഒയുടെ പ്രവര്‍ത്തനങ്ങളാണെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

നെക്സോണ്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വരവാണ് ടാറ്റയുടെ തലവര തെളിയച്ചത്. വാഹന സേഫ്റ്റി റേറ്റിംഗ് ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷയില്‍ 2018ല്‍ ടാറ്റ നെക്സോണ്‍ മുഴുവന്‍ സ്റ്റാറും സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച, ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഒരു കാറിന് ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിക്കുന്നത് രാജ്യത്തിന്‍റെ വാഹന ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. 

2024 ആകുമ്പോഴേക്കും രാജ്യം ഏറ്റവും ആഗ്രഹിക്കുന്ന ഓട്ടോ ബ്രാന്‍ഡായി മാറാനുള്ള തയാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്‍സ്. അതുകൊണ്ട് തന്നെ പുതിയ സിഇഒ ആരായാലും അദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളികളും നിരവധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!