ഫ്ലീറ്റ് എഡ്‍ജ് സംവിധാനവുമായി ടാറ്റാ മോട്ടോഴ്‍സ്

By Web TeamFirst Published Jul 13, 2020, 10:20 PM IST
Highlights


ബി‌എസ്‌ 6 ശ്രേണിയിലുള്ള കണക്റ്റുചെയ്‌ത ടാറ്റ മോട്ടോഴ്‌സ് ട്രക്കുകളിൽ ഏറ്റവും പുതിയ ഇൻ‌ബിൽറ്റ് സിം ഉൾപ്പെടുത്തിയിട്ടുണ്ട്.  

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റവും നൂതന സാങ്കേതിക സംവിധാനമായ  'ഫ്ലീറ്റ് എഡ്‍ജ്' അവതരിപ്പിച്ചു. ടെലിമാറ്റിക് നിയന്ത്രണ സംവിധാനത്തിലൂടെ വാഹന ഉടമക്ക് വളരെ ദൂരെ ഇരുന്നുകൊണ്ട് തന്നെ വാഹനത്തെ സംബന്ധിച്ച വിവിധ വിവരങ്ങൾ അറിയുവാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

2012 മുതൽ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങളിൽ ടെലിമാറ്റിക്‌സ് സൊല്യൂഷനുകളിൽ മുൻപന്തിയിലാണ്. ഇന്ന് 2,00,000 തിലധികം ടാറ്റ മോട്ടോഴ്‌സ് എം, എച്ച്സിവി വാഹനങ്ങളിൽ ഫാക്ടറിയിൽ തന്നെ ടെലിമാറ്റിക്‌സ് യൂണിറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു.  ടെലിമാറ്റിക്സ് കൺട്രോൾ യൂണിററ്റിലൂടെ (ടിസിയു) വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള കഴിവാണ് ടാറ്റ മോട്ടോർസ് ഫ്ലീറ്റ് എഡ്‍ജിലൂടെ സാധ്യമാക്കുന്നതെന്ന് കമ്പനി പറയുന്നു.

വാഹനത്തിന്റെ  ആരോഗ്യം, ക്ഷമത,  ഡ്രൈവിംഗ് രീതി, തത്സമയ ഇന്ധനക്ഷമത, ഇന്ധന നഷ്ടം സൂചിപ്പിക്കുന്ന സ്ഥിതി വിവര കണക്കുകൾ  തുടങ്ങിയ തത്സമയ സ്ഥിതിവിവരക്കണക്കുകൾ ഇതിലൂടെ ലഭ്യമാകും. വാഹനങ്ങളുടെ പ്രധാനപ്പെട്ട രേഖകളുടെ നിശ്ചിത തീയതി ട്രാക്കുചെയ്യാനും ഇതിലൂടെ സാധിക്കും.  ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് എഡ്‍ജ് പോർട്ടലിലെ  സൗഹൃദ ഇന്റർഫേസിലൂടെ ഈ സ്ഥിതി വിവരക്കണക്കുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മാത്രമല്ല ഉപഭോക്താക്കൾക്ക്  അവരുടെ  വാഹനങ്ങളും ചരക്കുനീക്കവും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും.  സ്‍മാർട്ട്‌ ഫോണുകളിൽ ഒരു ആപ്ലിക്കേഷൻ വഴി ഫ്ലീറ്റ് എഡ്‍ജ് തത്സമയം ആക്‌സസ് ചെയ്യാനാകും എന്നത്  ഇതിനെ വളരെ അനായാസമാക്കും. ടാറ്റ മോട്ടോഴ്‌സ് ട്രക്കുകളുടെയും ബസുകളുടെയും മുഴുവൻ എം, എച്ച്സിവി,  ബി‌എസ്‌വിഐ ശ്രേണിയിലും തിരഞ്ഞെടുത്ത ഐ, എൽസിവി, എസ്‌സി‌വി മോഡലുകളിലും ഫ്ലീറ്റ് എഡ്‍ജ് സംവിധാനം ലഭ്യമാണ്.

ബി‌എസ്‌ 6 ശ്രേണിയിലുള്ള കണക്റ്റുചെയ്‌ത ടാറ്റ മോട്ടോഴ്‌സ് ട്രക്കുകളിൽ ഏറ്റവും പുതിയ ഇൻ‌ബിൽറ്റ് സിം ഉൾപ്പെടുത്തിയിട്ടുണ്ട്.  സർക്കാർ നിയന്ത്രണ പ്രകാരമുള്ള ടിസിയു, എ‌ഐ‌എസ് 140 കംപ്ലയിന്റാണ് ഫ്ലീറ്റ് എഡ്ജിൽ ഉപയോഗിക്കുന്നത്.  സർക്കാർ അംഗീകൃത ബാക്കെൻഡ് സെർവറുകളിലേക്ക് കണക്ട് ചെയ്യപ്പെട്ട അടിയന്തര ബട്ടണുകൾ, വാഹന ലൊക്കേഷൻ ട്രാക്കിംഗ് ആശയവിനിമയം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങളും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവർ പ്രകടനത്തെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിന് ഒരു ഫ്ലീറ്റ് ഉടമക്ക് ഇതിലൂടെ എല്ലായ്പ്പോഴും സാധിക്കുന്നു. അവരുടെ ട്രക്ക് ഡ്രൈവർമാരുമായും വാഹനങ്ങളുമായും ഫ്ലീറ്റ് എഡ്ജ് മികച്ച ബന്ധം ഉറപ്പാക്കുന്നു.  ഈ നൂതന സംവിധാനം അനധികൃത വാഹന ചലനം നിരീക്ഷിക്കുകയും ഉപയോക്തൃ സൗഹൃദ ഗ്രാഫിക്കൽ മാപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കുകയും ചെയ്യുന്നു.  

ഡിജിറ്റൽ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സൊല്യൂഷനുകളും അതിവേഗം യാത്രക്കാരിലും ചരക്ക് ഗതാഗതത്തിലും മാറ്റമുണ്ടാക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. വിവരാധിഷ്ഠിതമായ  തീരുമാനങ്ങൾ എടുക്കുന്നതിന് ഫ്ലീറ്റ് ഉടമകൾക്കും മാനേജർമാർക്കും കൂടുതൽ സഹായം ഇതിലൂടെ ലഭ്യമാകുമെന്നും ഇഷ്ടാനുസൃതവും മികച്ചതുമായ  ഇന്റലിജൻസ് നൽകുന്നതിന് സ്ഥിരമായി ഫ്ലീറ്റ് എഡ്‍ജ് സംവിധാനത്തിന്‍റെ  മെച്ചപ്പെടുത്തലുകൾ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

click me!