മാജിക് എക്സ്പ്രസ് ആംബുലന്‍സുമായി ടാറ്റ

By Web TeamFirst Published Mar 20, 2021, 8:36 AM IST
Highlights

രാജ്യത്തെ ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‍സ്

മുംബൈ : രാജ്യത്തെ ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‍സ്. മെഡിക്കൽ, ആരോഗ്യമേഖലയിലെ സേവനങ്ങൾക്ക് ആണ്‌ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്  മാജിക് എക്സ്പ്രസ് ആംബുലൻസ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലെ റോഡുകളിലൂടെ അതിവേഗത്തിൽ സഞ്ചരിച്ച് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനത്തോടെ ആണ് വാഹനത്തിന്‍റെ നിർമ്മാണം. ആവശ്യമായ സ്ഥലം സൗകര്യത്തോടെയും സുരക്ഷയോടെയും ഉള്ള വാഹനത്തിൽ  രോഗികൾക്കും അറ്റൻഡന്റുമാർക്കും യാത്ര ചെയ്യാം. 

എ ഐ എസ് 125 മാനദണ്ഡമനുസരിച്ച് ആണ് വാഹനത്തിന്റെ നിർമ്മാണം എന്നു കമ്പനി അറിയിച്ചു. ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ വിപുലമായ വാഹന നിര ഒരുക്കുന്ന ഏക നിർമാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്. മാജിക് എക്സ്പ്രസ് ആംബുലൻസ്, ടാറ്റാ വിംഗർ ആംബുലൻസ് എന്നിവ അടിയന്തര മെഡിക്കൽ ആവശ്യങ്ങളായ ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ് ലൈഫ് സപ്പോർട്ട്, മൾട്ടി സ്ട്രെച്ചർ 410/29 ആംബുലൻസ് തുടങ്ങിയവ നൽകുന്നു.

ഓട്ടോ ലോഡിങ് സ്ട്രെച്ചർ, മെഡിക്കൽ ക്യാബിനറ്റ്, ഓക്സിജൻ സിലിണ്ടർ, ഡോക്ടർമാർക്കുള്ള സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, ലൈറ്റിങ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്റീരിയർ, അനൗൺസ്മെന്റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്സ്പ്രസ് ആംബുലൻസ് വിപണിയിലെത്തിച്ചിരിക്കുന്നത്. എ ഐ എസ് 125 അംഗീകാരമുള്ള റെട്രോ റിഫ്ലക്റ്റീവ് ഡെക്കൾസ്, സൈറൺ സഹിതമുള്ള ബീക്കൺ ലൈറ്റ് എന്നിവ വാഹനത്തിൽ ഉണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാർട്ട്മെന്റുകൾ വേർതിരിച്ചിട്ടുണ്ട്. ഇത് യാത്രചെയ്യുന്നവരുടെ സുരക്ഷ പ്രത്യേകിച്ച് കോവിഡ് കാലത്ത് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു. 800cc ടി സി ഐ സി  എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 44 എച്ച് പി പവറും 110 എൻഎം ടോർക്കും ഈ എൻജിൻ നൽകുന്നു. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഈ വാഹനത്തിന്റെ പ്രവർത്തന ചെലവും കുറവാണെന്നാണ് കമ്പനി പറയുന്നത്. 

കുറഞ്ഞ പ്രവർത്തനച്ചെലവിനോടുമൊപ്പം ഉയർന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി എന്നീ ടാറ്റാ മോട്ടോഴ്സിന്റെ അടിസ്ഥാനതത്വം അനുസരിച്ചാണ് വാഹനത്തിന്റെ നിർമ്മാണമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആശുപത്രികൾ, നഴ്‍സിംഗ് ഹോമുകൾ, രാജ്യത്തെ സർക്കാർ ആരോഗ്യ വകുപ്പുകൾ, എൻജിഒകൾ, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലൻസ് ആണ് മാജിക് എക്സ്പ്രസെന്നും രണ്ടുവർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ എന്ന വാറണ്ടിയും വാഹനത്തിനും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. 

click me!