ടിഗോര്‍ ഇനി എക്‌സ്പ്രസ്-ടി; പുതിയൊരു ബ്രാന്‍ഡ് തുടങ്ങി ടാറ്റ!

By Web TeamFirst Published Jul 16, 2021, 9:13 AM IST
Highlights

പുതിയ ബ്രാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് കീഴിലെ ആദ്യ വാഹനവും ടാറ്റ അവതരിപ്പിച്ചു. ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ ടിഗോറാണ് ടാറ്റ എക്‌സ്പ്രസിനു കീഴിലെ ആദ്യ വാഹനം. എക്‌സ്പ്രസ്-ടി ഇലക്ട്രിക് എന്നായിരിക്കും പുതിയ ടിഗോറിന്‍റെ പേര്. 

ടാറ്റ എക്‌സ്പ്രസ് എന്ന പുതിയൊരു ബ്രാന്‍ഡുമായി ടാറ്റാ മോട്ടോഴ്‍സ്. ഇന്ത്യയിലെ ഫ്‌ളീറ്റ് വാഹന ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ടാറ്റ മോട്ടോഴ്‌സ് ഈ പുതിയ ബ്രാൻഡ് ഒരുക്കിയിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിമുതല്‍ വ്യവസായിക ആവശ്യങ്ങള്‍ക്കും വന്‍കിട ടാക്‌സി സേവനങ്ങള്‍ക്കും ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഫ്‌ളീറ്റ് വാഹനങ്ങള്‍  ബ്രാൻഡിന് കീഴിലായിരിക്കും വില്‍പ്പനയ്ക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന സർക്കാരുകളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നുമുള്ള ആവശ്യം പരിഹരിക്കാനാണ് ഈ വിഭാഗം കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോൾ കംപ്രസ് ചെയ്ത പ്രകൃതി വാതകം, ഇലക്ട്രിക്, നിർദ്ദിഷ്ട മോഡലുകൾ എന്നിവ ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ബ്രാൻഡിന് ഉണ്ടാകും. ഫ്ലീറ്റ് സെഗ്‌മെന്റിനായുള്ള എല്ലാ വാഹനങ്ങളും എക്സ്പ്രസ് ബാഡ്ജ് കളിക്കും, വ്യക്തിഗത വിഭാഗത്തിന് വേണ്ടിയുള്ള കാറുകളിൽ നിന്ന് അവയെ വേർതിരിക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാനും മിതമായ മെയിന്റനന്‍സ് ചാര്‍ജ് ഉറപ്പാക്കാനും ടാറ്റ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് മേധാവി ഉറപ്പുനല്‍കി.

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഈ ബ്രാൻഡിന് കീഴില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകൾ ഷെയര്‍ മൊബിലിറ്റിയിലേക്ക് മാറിയേക്കാമെന്നും ഈ സാധ്യത മനസ്സിൽ വെച്ചുകൊണ്ടാണ് കമ്പനി എക്സ്പ്രസ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റ്-പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.. ഇതുവഴി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശവും കാര്യക്ഷമമായ സേവനവും കമ്പനി വാഗ്‍ദാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ ബ്രാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് കീഴിലെ ആദ്യ വാഹനവും ടാറ്റ അവതരിപ്പിച്ചു. ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ ടിഗോറാണ് ടാറ്റ എക്‌സ്പ്രസിനു കീഴിലെ ആദ്യ വാഹനം. എക്‌സ്പ്രസ്-ടി ഇലക്ട്രിക് എന്നായിരിക്കും പുതിയ ടിഗോറിന്‍റെ പേര്. ഇലക്ട്രിക്ക് സെഡാൻ ടാക്‌സി ആയി ഉപയോഗിക്കാൻ താല്‍പ്പര്യപ്പെടുന്നവർക്കായാണ് എക്‌സ്പ്രസ്-ടി ഇവി വിപണിയിലെത്തിച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്ന ബ്രാൻഡിൽ ടാക്‌സി വിപണിയ്ക്കായി കൂടുതൽ ഇലക്ട്രിക്ക് കാറുകൾ വിപണിയിലെത്തിക്കാൻ ടാറ്റ മോട്ടോഴ്സിന് പദ്ധതിയുണ്ട്.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമാണ് പുതിയ എക്‌സ്പ്രസ്-ടി ഇവിയുടെ ഡിസൈൻ. പുത്തൻ ടിഗോറിന് സമാനമാണ് എക്‌സ്പ്രസ്-ടി ഇവിയുടെ ഇന്റീരിയറും. ചാർജിങ്ങിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന നീല നിറത്തിലുള്ള ഹൈലൈറ്റ് ആണ് പ്രധാന മാറ്റം.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് എക്സ്പ്രസ്-ടി ഇവി  വിപണിയില്‍ എത്തുക. സ്റ്റാൻഡേർഡ് പതിപ്പിൽ 16.5 കിലോവാട്ട് ബാറ്ററി പായ്ക്കും എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിൽ 21.5 കിലോവാട്ട് പായ്ക്കും. 30 കിലോവാട്ട് (41 എച്ച്പി), 105 എൻഎം ടോർക്ക് പുറപ്പെടുവിക്കുന്ന 70V ത്രീ-ഫേസ് ഇൻഡക്ഷൻ മോട്ടോറാണ് ബാറ്ററികളിൽ നിന്നും പവർ സ്വീകരിക്കുന്നത്.

സ്റ്റാൻഡേർഡ് പതിപ്പിന്റെ റേഞ്ച് 143 കിലോമീറ്ററിൽ നിന്നും 165 കിലോമിറ്റർ ആയി ഉയർന്നിട്ടുണ്ട്. എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിന്‍റെ റേഞ്ച് മാറ്റമില്ലാതെ 213 കിലോമീറ്ററിൽ തന്നെ നിൽക്കുന്നു. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 0-80 ശതമാനം ബാറ്ററി ചാർജ് ആവാൻ സ്റ്റാൻഡേർഡ് മോഡലിന് 90 മിനിറ്റും എക്സ്റ്റെൻഡഡ് റേഞ്ച് പതിപ്പിന് 110 മിനിറ്റും വേണം.

എക്സ്എം+, എക്സ്ടി+ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് എക്സ്പ്രസ്-ടി ഇവി വില്പനക്കെത്തുക. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇക്കോ ആൻഡ് സ്‌പോർട്ട് ഡ്രൈവ് മോഡുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഹാർമാൻ ഓഡിയോ സിസ്റ്റം എന്നിവ എക്സ്എം+ വേരിയന്റിലുണ്ടാകും. 14 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, റിമോട്ട് ലോക്കിംഗ് എന്നിവ എക്സ്ടി+ പതിപ്പിൽ അധികമായി ഇടംപിടിക്കും. വാഹനത്തിന്‍റെ ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കു. അതേസമയം എക്സ്പ്രസ്-ടി ഇവിയുടെ വില വിവരങ്ങൾ  ടാറ്റ  പുറത്ത് വിട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!