ഈ വണ്ടിക്കമ്പനിക്ക് നികുതിയിളവിന് നീക്കം, പറ്റില്ലെന്ന് ടാറ്റ

By Web TeamFirst Published Sep 2, 2021, 9:06 AM IST
Highlights

കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിതെന്ന് ടാറ്റ മോട്ടോഴ്‍സ് യാത്രാ വാഹന വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര

മുംബൈ: അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് അനുവദിക്കുന്നതിനെതിരെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് രംഗത്ത്. ടെസ്‍ലയ്ക്ക് വൈദ്യുത കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവയിൽ ഇളവനുവദിക്കുന്നതിനെ എതിർത്താണ് ടാറ്റ മോട്ടോഴ്‍സ് രംഗത്തെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിതെന്ന് ടാറ്റ മോട്ടോഴ്‍സ് യാത്രാ വാഹന വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. 

ഇറക്കുമതിത്തീരുവ കുറച്ചാൽ പ്രാപ്യമായ വിലയിൽ വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കാനുള്ള ലക്ഷ്യം സാധ്യമാകില്ല. നിലവിൽ രാജ്യത്ത് 90 ശതമാനം വൈദ്യുത വാഹനങ്ങളും വിപണയിലെത്തിക്കുന്നത് ടാറ്റ മോട്ടോഴ്‍സ് ആണ്. വിപുലീകരണ പദ്ധതി ആലോചിക്കുമ്പോഴും ഫെയിം സ്കീമിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങൾ പരമാവധി തദ്ദേശീയമായി നിർമിക്കുന്നതിനും 15 ലക്ഷത്തിൽ താഴെ വിലയിൽ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫെയിം പദ്ധതി കൊണ്ടുവന്നിട്ടുള്ളത്.

രാജ്യത്തെ ഇറക്കുമതി തീരുവ ഭീമമാണെന്നായിരുന്നു ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‍കിന്‍റെ ആരോപണം.  ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്‍ലയ്ക്ക് ഇളവുകള്‍ നല്‍കുന്നതിനെതിരെ ടാറ്റയെ കൂടാതെ ഒല ഉള്‍പ്പെടെ വിവിധ കമ്പനികളുടെ മേധാവികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!