ഗ്രാമീണ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, കരാര്‍ ഒപ്പിട്ട് ടാറ്റ

By Prashobh PrasannanFirst Published Aug 12, 2021, 9:07 AM IST
Highlights

ഈ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും സിഎസ്‌സിയുടെ രാജ്യവ്യാപക ശൃംഖലയും ഡിജിറ്റല്‍ സേവനങ്ങളും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഗ്രാമീണ മേഖലയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്രചാരം ശക്തിപ്പെടുത്തും എന്നും കമ്പനി

മുംബൈ: ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ് സി) ഇ-ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ഈ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും സിഎസ്‌സിയുടെ രാജ്യവ്യാപക ശൃംഖലയും ഡിജിറ്റല്‍ സേവനങ്ങളും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഗ്രാമീണ മേഖലയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്രചാരം ശക്തിപ്പെടുത്തും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലാസ്റ്റ് മൈല്‍ ഗതാഗത മേഖലയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ആധുനികവും കാര്യക്ഷവുമായ വാണിജ്യ വാഹന ശ്രേണിക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകും. എന്ന് കമ്പന പറയുന്നു രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കുകയും ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്‌സിന്റെ അടിസ്ഥാന ആശയത്തിന്റെ ഭാഗമായാണ് പങ്കാളിത്തം. ഈ സംരംഭത്തിലൂടെ ഉള്‍പ്രദേശങ്ങളിലെ ആക്‌സസബിലിറ്റി വര്‍ധിപ്പിക്കാനും ഭാരത സര്‍ക്കാരിന്റെ ആത്മനിര്‍ഭ൪ ഭാരത് വീക്ഷണം യാഥാര്‍ഥ്യമാക്കാനുമാണ് ടാറ്റ മോട്ടോഴ്‌സും സിഎസ്‌സിയും ലക്ഷ്യമിടുന്നത്.

ഗ്രാമീണ മേഖലയിലെ ജനതയ്ക്കായി കമ്പനിയുടെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി സിഎസ് സിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ചരിത്ര പ്രാധാന്യമുള്ളതാണെന്ന് ടാറ്റ മോട്ടോഴ്‌സ് കമേഴ്‌സ്യൽ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തില്‍ സിഎസ്‌സിയുമായുള്ള പങ്കാളിത്തം കമ്പനിയുടെ വാണിജ്യ വാഹനങ്ങളിലൂടെ ഒരു ബിസിനസ് സംരംഭം തിരഞ്ഞെടുക്കാനുള്ള കരുത്ത് ഗ്രാമീണര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും എന്നും ബിസിനസ് അവസരങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണര്‍ക്കും ലഭ്യമാക്കുന്നതിന് സിഎസ്‌സി വില്ലേജ് ലെവല്‍ എന്റര്‍പ്രണ൪ ശൃംഖല നിര്‍ണ്ണായകമാകും എന്നും അദ്ദേഹം പറഞ്ഞു. ഇത് ടാറ്റ മോട്ടോഴ്‌സിന്റെ വിപുലമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിന്റുകളെ ശക്തിപ്പെടുത്തുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും. കാര്യക്ഷമതയേറിയ ഡ്രൈവ് ട്രെയ്‌നുകളും ഗുണനിലവാരമുള്ള നിര്‍മ്മിതിയോടു കൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ വിപുലമായ വാണിജ്യ വാഹന ശ്രേണി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ദുഷ്‌ക്കരമായ ഭൂപ്രദേശത്ത് സുരക്ഷിതവും സുഖകരവുമായ ഗതാഗതം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്‍തിട്ടുള്ളതാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനതയുടെ പ്രതീക്ഷകളെ ബന്ധിപ്പിക്കാന്‍ ഈ സംരംഭത്തിലൂടെ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും രാജേഷ് കൗള്‍ വ്യക്തമാക്കി.

ഗതാഗത സൗകര്യങ്ങള്‍, പ്രത്യേകിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങളിൽ ഏറെ നിര്‍ണ്ണായക ഘടകമാണെന്ന് സിഎസ്‌സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിനേഷ് ത്യാഗി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷക൪, ബിസിനസുകാര്‍ എന്നിവര്‍ക്കിടയിൽ ലളിതമായ വാണിജ്യ വാഹനങ്ങള്‍ക്കുള്ള ആവശ്യകത ഇനിയും നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങള്‍ക്കിടയിലേക്കെത്താ൯ ടാറ്റ മോട്ടോഴ്‌സുമായി ചേര്‍ന്നുള്ള ഈ സംരംഭം വഴി കഴിയും. ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനയും സര്‍ക്കാരിന്റെ ആത്മനിര്‍ഭ൪ ഭാരത് ക്യാംപെയ്ന്‍ വഴിയുള്ള വളര്‍ച്ചയും സാധന സാമഗ്രികളുടെ ഗതാഗതത്തിന് വാണിജ്യ വാഹനങ്ങളുടെ ആവശ്യകത തുടര്‍ന്നും വര്‍ധിപ്പിക്കും. എഫ്പിഒ മേഖലയിലും സിഎസ്‌സി പ്രവര്‍ത്തിച്ചുവരികയാണെന്നും ഈ പങ്കാളിത്തത്തിലൂടെ ആ മേഖലയിലും വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും ദിനേഷ് ത്യാഗി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!