ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി, ആ നിര്‍ണായക തീരുമാനവുമായി ടാറ്റയും!

By Web TeamFirst Published Dec 9, 2019, 7:19 PM IST
Highlights

എന്നാല്‍ എത്ര ശതമാനമാണ് കൂടുന്നതെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്ത് ടാറ്റ മോട്ടോഴ്‍സ് വാഹനങ്ങളുടെ വില കൂടും. 2020 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്ര ശതമാനമാണ് കൂടുന്നതെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

വാഹനങ്ങള്‍ ബിഎസ് 6ലേക്കും മാറുന്നതിനു പുറമേ പൊതുവേയുള്ള ചരക്ക് വില വര്‍ധനയും കാറുകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ബിഎസ്6 മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുന്നത്. 

വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടുമെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖാണ് വ്യക്തമാക്കിയത്. വര്‍ധിക്കുന്ന നിരക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരിയാണെന്നും ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടാറ്റയുടെ ഹാരിയര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വാഹനങ്ങളുടെ വിലയിലായിരിക്കും കാര്യമായ മാറ്റമുണ്ടാകുക. അതേസമയം, രണ്ട് വാഹനങ്ങളാണ് ടാറ്റയില്‍ നിന്ന് ഉടന്‍ നിരത്തുകളിലെത്താനൊരുങ്ങുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റ അല്‍ട്രോസും എസ്‌യുവി വിഭാഗത്തില്‍ ഗ്രാവിറ്റാസുമാണ് ഇവ. അല്‍ട്രോസ് ജനുവരിയുടെ തുടക്കത്തിലും ഗ്രാവിറ്റാസ് വരും മാസങ്ങളിലും വിപണിയിലെത്തും. നിലവില്‍ കമ്പനിയുടെ ടിയാഗോ മുതല്‍ എസ്‌യുവി ഹാരിയര്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 4.39 ലക്ഷം മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് ഡെല്‍ഹിയിലെ എകസ്‌ഷോറൂം വില.

മറ്റു വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാരുതി സുസുകിയും ജനുവരി മുതല്‍ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് മാരുതി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മോട്ടോഴ്‍സ് മുമ്പുതന്നെ അറിയിച്ചിരുന്നു. 

click me!