പുത്തന്‍ ട്രക്കുമായി ടാറ്റ, അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി

By Web TeamFirst Published Mar 12, 2021, 7:43 PM IST
Highlights

സ്റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും സംയോജിക്കുന്നതാണ് അൾട്രാ സ്ലീക് ടി സീരീസ്...

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഇടത്തരം, ചെറിയ വാണിജ്യ ട്രക്ക് ആയ  (I&LCV) അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീർത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിർമ്മാണവുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

T. 6,T. 7,T.9 എന്നീ മൂന്ന് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 10 മുതൽ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളിൽ വാഹനം ഉപഭോക്താക്കളിൽ എത്തുന്നു. 1900 എംഎം വലിപ്പമുള്ള ക്യാബിൻ ഡ്രൈവർക്ക് ഏറെ സൗകര്യപ്രദമാണ്. അതേസമയം തന്നെ തിരക്കേറിയ നഗരങ്ങളിൽ  അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപന. ഏറ്റവും മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി , സുരക്ഷ, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിങ്ങനെയുള്ള ആറിന്റെ ശക്തി എന്ന തത്വം അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും സംയോജിക്കുന്നതാണ് അൾട്രാ സ്ലീക് ടി സീരീസ്, ഹാർഷ്നെസ്സ് (എൻവിഎച്ച് ) ലെവൽ, ഇടുങ്ങിയ റോഡുകളിലൂടെയും അനായാസമായ സഞ്ചാരവും ഡ്രൈവിംഗും ഒത്തിണങ്ങുന്നതാണ് അൾട്രാ സ്ലീക് ടി സീരീസ്. വാക്ക്ത്രൂ കാബിൻ ഉയർന്ന സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് നടത്തിയതാണ്. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിൾട് ആൻഡ് ടെലിസ്കോപിക് പവർ സ്റ്റീയറിംഗ്, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ എന്നിവ സഹിതം ആണ് ക്യാബിൻ. ഇൻബിൽട്ട് മ്യൂസിക് സിസ്റ്റം, യു എസ് ബി ഫാസ്റ്റ് ചാർജിങ് പോർട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതൽ സൗകര്യം നൽകുന്നു. എയർ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്പെൻഷനും കൂടുതൽ സുരക്ഷ നൽകുന്നു. ലെൻസ് ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.

വൈവിധ്യം ഉറപ്പുനൽകി കൊണ്ട് അൾട്രാ സ്ലീക് ടി സീരീസ് നാല് ടയർ, ആറ് ടയർ, വിവിധ വലിപ്പത്തിലുള്ള ഡെക്ക് എന്നീ പതിപ്പുകളിൽ ലഭ്യമാണ്. ഇകോമേഴ്സ് ഉൽപ്പന്നങ്ങൾ, എഫ്എംസിജി, വ്യവസായ ഉൽപ്പന്നങ്ങൾ, എൽപിജി സിലിണ്ടറുകൾ, കോവിഡ് 19 വാക്സിൻ വിതരണത്തിനുള്ള ശീതീകരിച്ച കണ്ടെയ്നറുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് യോജിക്കുന്നതാണ് ഈ മോഡൽ. ഭക്ഷ്യോൽപ്പന്നങ്ങൾ ആയ മുട്ട, പാൽ, കാർഷികോൽപന്നങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനും ഈ വാഹനം ഏറെ അനുയോജ്യമാണെന്നും കമ്പനി പറയുന്നു.

100 എച്ച് പി പവറും 300 എൻഎം ടോർക്കും നൽകുന്ന ബി എസ് 6 4എസ്പിസിആർ എൻജിനാണ് വാഹനത്തിനുള്ളത്. മികച്ച കരുത്തും ഇന്ധനക്ഷമതയും ഇത് പ്രദാനം ചെയ്യുന്നു. കരുത്തുറ്റ മോഡുലർ ചട്ടക്കൂടിൽ വരുന്ന വാഹനം ഈട് ഉറപ്പുനൽകുന്നു. ലോ റോളിംഗ് റെസിസ്റ്റൻസ് ഉള്ള  റേഡിയൽ ടയറുകൾ ഇന്ധനക്ഷമത വീണ്ടും കൂട്ടുന്നു.

മൂന്നുവർഷം അല്ലെങ്കിൽ മൂന്നുലക്ഷം കിലോമീറ്റർ എന്ന ആകർഷകമായ വാറണ്ടി ആണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. വാണിജ്യ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ക്ഷേമം, ഓൺ സൈറ്റ് സർവീസ്, വാർഷിക മെയിന്റനൻസ് സൗകര്യം എന്നിവ  നൽകുന്ന സമ്പൂർണ്ണ സേവ 2.0, ടാറ്റ സമർത്ത് തുടങ്ങിയവയും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. 
 

click me!