ടാറ്റയുടെ നാനോയില്‍ ഇടിച്ച ഹോണ്ടയുടെ സിറ്റികള്‍ 'പപ്പടം'; എന്തതിശയമെന്ന് ജനം!

By Web TeamFirst Published Jul 10, 2020, 11:22 AM IST
Highlights

നാനോയുടെ പിന്നില്‍ വന്നിടിച്ച് മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഒരു ഹോണ്ട സിറ്റി. നാനോ ചെന്നിടിച്ച സിറ്റിയുടെ പിന്‍ഭാഗവും ചളുങ്ങിപ്പോയി. എന്നാല്‍ രണ്ട് പ്രീമിയം സെഡാനുകള്‍ക്കും ഇടയില്‍പ്പെട്ട കുഞ്ഞന്‍ നാനോയ്ക്കാകട്ടെ നിസാരമായ കേടുപാടുകള്‍ മാത്രം. ഇതിനു പിന്നിലെ രഹസ്യം എന്ത്?

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയാണ് ഒരു നാനോ കാറും രണ്ട് ഹോണ്ട സിറ്റി കാറുകളും ഉള്‍പ്പെട്ട ഒരപകടം. നാനോ കാറിന്‍റെ പിന്നില്‍ വന്നിടിച്ച് മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഒരു ഹോണ്ട സിറ്റി. നാനോ ചെന്നിടിച്ച സിറ്റിയുടെ പിന്‍ഭാഗവും ചളുങ്ങിപ്പോയിരിക്കുന്നു. 

എന്നാല്‍ ഹോണ്ടയുടെ രണ്ട് പ്രീമിയം സെഡാനുകള്‍ക്കും ഇടയില്‍പ്പെട്ട കുഞ്ഞന്‍ നാനോയ്ക്കാകട്ടെ നിസാരമായ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്. നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഈ അപകടത്തെച്ചൊല്ലി വാഹനപ്രേമികള്‍ നിരവധി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ജാപ്പനീസ് വാഹനഭീമന്‍ ഹോണ്ടയുടെ ലക്ഷങ്ങള്‍ വിലയുള്ള പ്രീമിയം സെഡാനുകളെക്കാള്‍ കേമനാണ് ഇന്ത്യന്‍ നിര്‍മ്മിത ടാറ്റ നാനോ എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ന്യൂജന്‍ വാഹനങ്ങളുടെ നിര്‍മ്മാണങ്ങളിലെ പ്രത്യേകതകളെ ഓര്‍മ്മിപ്പിക്കുകയാണ് മറ്റ് ചിലര്‍. അതിലേക്ക് കടക്കുന്നതിനു മുമ്പ് ഈ അപകടം നടന്നത് എങ്ങനെയാണെന്ന് നോക്കാം.

റോഡിലെ ചെറിയ അശ്രദ്ധകൾ പോലും വിനയാകുന്നത് മിക്കപ്പോഴും മറ്റു യാത്രക്കാർക്കായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഒരര്‍ത്ഥത്തില്‍ ഈ അപകടം.  ഒരു ചെറിയ അശ്രദ്ധയിൽ സംഭവിച്ച ഈ അപകടം പണികൊടുത്തത് നാലു കാറുകൾക്കാണ്. മുന്നിൽ പോയ വാഹനം ബ്രേക്കിട്ടത് ഏറ്റവും പിന്നിലെത്തിയ കാറിലെ ഡ്രൈവർ കാണാത്തതാണ് അപകടകാരണം. 

മുന്നില്‍ പോയ ഹ്യുണ്ടായി സാൻട്രോയുടെ ഡ്രൈവര്‍ ഒരു സ്പീഡ് ബ്രേക്കര്‍ കാണുന്നതാണ് സംഭവങ്ങളുടെ തുടക്കം. അതോടെ സാന്‍ട്രോ വേഗത കുറയ്ക്കുന്നു. സാന്‍ട്രോയുടെ തൊട്ടുപിന്നിലുള്ള വെളുത്ത നിറമുള്ള ഹോണ്ട സിറ്റിയും ഈ സമയം വേഗത കുറയ്ക്കുന്നു. അതേസമയം നാനോയുടെ തൊട്ടു പിന്നിലുള്ള രണ്ടാമത്തെ വെളുത്ത നിറമുള്ള ഹോണ്ട സിറ്റിയാവട്ടെ വേഗത കുറയ്ക്കുന്നതിനുപകരം നേരെ നാനോയുടെ പിന്നില്‍ ചെന്നിടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് കുതിച്ച നാനോ തൊട്ടു മുന്നിലുണ്ടായിരുന്ന ഹോണ്ട സിറ്റിയുടെ പിൻഭാഗത്തും ചെന്നിടിക്കുകയും ചെയ്യുന്നു.

ഏറ്റവും മുന്നിൽ പോയ കാർ റോഡിലെ ഹംപിൽ സാവധാനം ബ്രേക്ക് ചെയ്ത് ഇറങ്ങിയെങ്കിലും നാലാമതെത്തിയ വാഹനം ഇത് ശ്രദ്ധിച്ചില്ലെന്ന ചുരുക്കം. അപകടത്തിൽ നാലു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരുക്കു പറ്റിയിട്ടില്ലെന്നാണ് കരുതുന്നത്. മുന്നിലെ വാഹനങ്ങളുമായി ചേർന്ന് വേഗത കുറയ്ക്കുന്നതിൽ പരാജയപ്പെട്ട രണ്ടാമത്തെ ഹോണ്ട സിറ്റിയുടെ ഡ്രൈവറുടെ തെറ്റാണ് ഈ അപകടമെന്ന് വ്യക്തം. സംഭവം നടന്ന സ്ഥലം വ്യക്തമല്ല. 

രണ്ട് ഹോണ്ട സിറ്റി സെഡാനുകൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. നാനോയുടെ പിന്നിലിടിച്ച രണ്ടാമത്തെ സിറ്റിയുടെ മുൻവശത്ത് ബോണറ്റിന് കാര്യമായ പരിക്കുണ്ട്. ബമ്പർ ഉള്‍പ്പെട തകർന്ന നിലയിലാണ്.

നാനോ ചെന്നിടിച്ച മുന്നിലുണ്ടായിരുന്ന ഹോണ്ട സിറ്റിയുടെ പിൻഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു. എന്നാൽ ഇവയ്ക്ക് രണ്ടിനും ഇടയിൽ പെട്ട ടാറ്റ നാനോയ്ക്ക് മുന്നിലും പിന്നിലും അത്ര കാര്യമല്ലാത്ത ചെറിയ ചളുക്കങ്ങൾ മാത്രമേ ഉള്ളൂ എന്നതാണ് കൌതുകകരം.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കരുത്തിനെ പുകഴ്‍ത്താനാണ് ടാറ്റ പ്രേമികള്‍ ഈ സംഭവങ്ങളെ ഉപയോഗിക്കുന്നത്. സ്വന്തം ഉരുക്കു കമ്പനിയുള്ള ടാറ്റയുടെ നിര്‍മ്മാണ മികവിനുള്ള തെളിവാണിതെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍ ആഘാതമെല്ലാം സ്വയം ഏറ്റെടുത്ത് തകരുന്ന ന്യൂജന്‍ കാറുകളിലെ ഭാഗമായ ക്രംപിൾ സോണുകളെപ്പറ്റി വിശദീകരിക്കുകയാണ് ചിലര്‍. 

മിക്ക പുതിയ കാറുകളുടെയും ബമ്പറും ബോണറ്റുമൊക്കെ ഒരു ചെറിയ ഇടിയിൽ പോലും ഇളകിപ്പോകുകയോ മടങ്ങുകയോ ചെയ്യുന്ന രീതിയിലാണു നിർമ്മാണമെന്നും ഇടിയുടെ ആഘാതം വാഹനത്തിന്‍റെ അകത്തെത്താതിരിക്കാനാണ് ഇങ്ങനെയൊരു നിർമ്മാണരീതിയെന്നും അവര്‍ പറയുന്നു. അതേസമയം ടാറ്റാ നാനോയുടെ പിന്നിൽ എഞ്ചിനെ സംരക്ഷിക്കുന്ന ഒരു പെരിമീറ്റർ ഫ്രെയിമുണ്ട് എന്നും അതാവും ഇടിയിൽ ഹോണ്ട സിറ്റിയുടെ ബമ്പറിനെ തകര്‍ത്തതെന്നുമാണ് ചിലരുടെ വാദം.

സംഗതി എന്തായാലും രത്തന്‍ ടാറ്റയുടെ സ്വപ്‍നവാഹനമായിരുന്ന നാനോയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തി എന്നതും ഹോണ്ട സിറ്റിയുടെ പുതുതമുറ ഇന്ത്യന്‍ നിരത്തിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ എന്നതും തികച്ചും യാദൃശ്ചികമാവാം.

click me!