6 മാസത്തേക്ക് ഇന്ധനം ഫ്രീയെന്ന് ടാറ്റ; ഓഫർ ഈ മാസം വാങ്ങുന്നവർക്ക്, സൗജന്യ ചാർജിംഗ് നെക്സോൺ, കർവ്വ് ഇവികൾക്ക്

Published : Dec 14, 2024, 11:48 AM ISTUpdated : Dec 14, 2024, 11:53 AM IST
6 മാസത്തേക്ക് ഇന്ധനം ഫ്രീയെന്ന് ടാറ്റ; ഓഫർ ഈ മാസം വാങ്ങുന്നവർക്ക്, സൗജന്യ ചാർജിംഗ് നെക്സോൺ, കർവ്വ് ഇവികൾക്ക്

Synopsis

2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളിൽ സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകും.

മാസം നെക്സോൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർക്കായി ടാറ്റ മോട്ടോഴ്‌സ് ആകർഷകമായ ഒരു പദ്ധതി അവതരിപ്പിച്ചു. 2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നും സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകും. ടാറ്റ പവർ ഈസിയുടെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാർജിംഗ് സ്റ്റേഷനുകളിൽ ഈ ഓഫർ ലഭ്യമാകും. ഈ സ്‍കീം സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. അതായത് ഫ്ലീറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ല.  നെക്സോൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ ഇവികൾ ടാറ്റ പവർ ഇസെഡ് ചാർജ്ജ് ആപ്പിൽ രജിസ്റ്റർ ചെയ്യണം.  അതിനുശേഷം സൗജന്യ ചാർജിംഗ് സേവനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചുതുടങ്ങും.

ആപ്പിൽ രജിസ്റ്റർ ചെയ്ത ഇവി, ഒരു ഡീലർഷിപ്പിൽ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‍കീം ആദ്യ ഉടമകൾക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, വാങ്ങുന്ന തീയതി മുതൽ ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കിൽ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ട്. അതായത് ഈ ഓഫർ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കിൽ എസ്‌യുവി വാങ്ങിയ തീയതി മുതൽ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളിൽ നിന്ന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കിത്തുടങ്ങും.

ഈ പുതിയ സൗജന്യ ചാർജിംഗ് സ്കീമിലൂടെ, ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ജനപ്രിയ ഇവികളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2024 നവംബറിൽ, വാഹന നിർമ്മാതാവ് നെക്സോണിൻ്റെ 15,329 യൂണിറ്റുകളും കർവ്വിൻ്റെ 5,101 യൂണിറ്റുകളും (ഐസിഇ, ഇവി മോഡലുകൾ ഉൾപ്പെടെ) വിറ്റു. നിലവിൽ, ടാറ്റ നെക്സോൺ ഇവിയുടെ വിലവ  12.49 ലക്ഷം മുതൽ  17.19 ലക്ഷം വരെയാണ്. അതേസമയം കർവ്വ് ഇവിക്ക് 17.49 ലക്ഷം മുതൽ 21.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. യഥാക്രമം 30kWh, 40.5kWh ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളുന്ന MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയൻ്റുകളിൽ നെക്‌സോൺ ഇവി വാഗ്ദാനം ചെയ്യുന്നു. എംആർ വേരിയൻ്റ് 325 കിലോമീറ്റർ റേഞ്ച് നൽകുന്നു, എൽആർ പതിപ്പ് 465 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. 7.2kW എസി ചാർജറാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്.

ടാറ്റ കർവ്വ് ഇവി  - 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററും (MIDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ ബാറ്ററി 150 കിലോമീറ്റർ വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.


 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം