ടാറ്റയ്ക്ക് എതിരെ പരാതിയുമായി നെക്സോണ്‍ ഉടമ, പിന്നെ സംഭവിച്ചത്!

By Web TeamFirst Published Feb 13, 2021, 10:05 AM IST
Highlights

പരാതിയെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്പനി പ്രതിനിധി നേരിട്ട് ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടു

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. രാജ്യത്തെ ഇലക്ട്രിക് എസ്.യു.വികളില്‍ റേഞ്ചിലും സുരക്ഷയിലും മുന്‍പന്തിയിലുള്ള വാഹനമായാണ് നെക്‌സോണ്‍ ഇലക്ട്രിക് അറിയപ്പെടുന്നത്. ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് ടാറ്റ മോട്ടേഴ്‌സ് നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ നെക്‌സോണ്‍ ഇവിക്ക് കമ്പനി വാഗ്ദ്ധാനം ചെയ്തിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിരിയിരിക്കുകയാണ് ഒരു നെക്സോണ്‍ ഉടമ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടമ ദില്ലി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ പരാതി നല്‍കിയിരിക്കുകയാണെന്ന് റഷ് ലൈന്‍ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദില്ലിയിലെ ടാറ്റയുടെ ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങിയ വാഹനത്തിനാണ് കമ്പനി വാഗ്ദ്ധാനം നല്‍കിയിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉടമ എത്തിയിട്ടുള്ളത്. പരാതിയെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന് ദില്ലി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും 15-ാം തിയതിക്ക് മുമ്പ് കമ്പനി പ്രതിനിധി നേരിട്ട് ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദില്ലിയിലെ ടാറ്റയുടെ ഡീലര്‍ഷിപ്പില്‍ നിന്നും വാങ്ങി 2020 ഡിസംബര്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്‍ത വാഹനത്തിനാണ് റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താവ് എത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ പോലും 200 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉടമയുടെ പരാതി എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി അധികൃതര്‍ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചാണ് താന്‍ വാഹനം ഉപയോഗിച്ചിട്ടുള്ളതെന്നും ഉടമ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഫെബ്രുവരി 15-ാം തീയതി 12 മണിക്ക് മുമ്പ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ കമ്പനി പ്രതിനിധി ഹാജരാകണമെന്നും ഇല്ലെങ്കിൽ ഡല്‍ഹി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ നിന്ന് നെക്‌സോണ്‍ ഇ.വി. നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള് കമ്പനി സ്വീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. 312 കിലോമീറ്റര് റേഞ്ച് ഓട്ടോമോട്ടീവ് റിസേര്ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എ.ആര്.എ.ഐ.) സര്ട്ടിഫൈ ചെയ്തിട്ടുള്ളതാണെന്നും വാഹനത്തിലെ ഏസിയുടെ ഉപയോഗം, ഡ്രൈവ് ചെയ്യുന്ന രീതി, വാഹനത്തിന്റെ കണ്ടീഷന്‍ എന്നിവയുടെ അടിസ്ഥാനത്തില് റേഞ്ചില് മാറ്റം സംഭവിച്ചേക്കാമെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു. 

അതേസമയം വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. നിരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ഇതുവരെ 3000 നെക്സോണ്‍ ഇവികള്‍ വിപണിയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  നിലവില്‍ 64 ശതമാനം വിപണി വിഹിതം (YTD FY 21) നേടാന്‍ വാഹനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം എന്നും കമ്പനി അവകാശപ്പെടുന്നു. 

രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ ആണ് നെക്സോൺ ഇവി ലഭ്യമാകുന്നത്. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 

click me!