വാങ്ങി ഇറങ്ങുന്നതിനിടെ ഷോറൂം മതിൽ പഞ്ചറാക്കി പുത്തന്‍ പഞ്ച്!

By Web TeamFirst Published Nov 1, 2021, 11:47 AM IST
Highlights

ഈ ഉടമ തന്‍റെ പുത്തന്‍ കാറിലെ ആദ്യ യാത്ര ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‍ടപ്പെടില്ല, മറക്കാനും ഇടയില്ല! കാരണം എന്തെന്നല്ലേ? വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ മതിലില്‍ ഇടിച്ചുകയറിയത് എങ്ങനെ മറക്കാനാണ്?!

പുതിയ ഒരു കാര്‍ (New Car) എന്നത് പലരുടെയും ദീര്‍ഘകാലത്തെ സ്വപ്‍നമായിരിക്കും. പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്ന് ഡെലിവറി ചെയ്യുന്നതും ആദ്യ യാത്രയുമൊന്നും ആരും ഒരിക്കലും മറക്കാനിടയില്ല.  കാരണം സ്വപ്‍നവാഹനവുമായിട്ടുള്ള ആദ്യത്തെ യാത്ര ഒരു വേറിട്ട അനുഭവം തന്നെയാവും. എന്നാല്‍ അടുത്തകാലത്തായി വാഹന ഡെലിവറി ദിവസം സംഭവിക്കുന്ന അപകടങ്ങള്‍ കൂടിവരികയാണ്.  ടാറ്റയുടെ (Tata Motors) ഏറ്റവും പുതിയ മൈക്രോ എസ്‍യുവിയായ പഞ്ച് (Tata Punch) സ്വന്തമാക്കിയ ഒരു ഉടമയാണ് ഏറ്റവും ഒടുവിലെ ഡെലിവറി ദുരന്തത്തിന്‍റെ ഇര. ഈ ഉടമ തന്‍റെ പുത്തന്‍ കാറിലെ ആദ്യ യാത്ര ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‍ടപ്പെടില്ല, മറക്കാനും ഇടയില്ല! കാരണം എന്തെന്നല്ലേ? വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ മതിലില്‍ ഇടിച്ചുകയറിയത് എങ്ങനെ മറക്കാനാണ്?!

ഷോറൂമില്‍ നിന്ന് ഇറക്കിയ വാഹനം തൊട്ടടുത്തുള്ള മതിലിലേക്ക് ഇടിച്ച് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ഷോറൂം ജീവനക്കാരേയും വാഹനത്തിന്റെ സമീപത്തായി കാണാം. എന്നാല്‍, എവിടെയാണ് ഈ അപകടം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.  വാഹനം പുറത്തിറക്കിയ ശേഷം ഷോറൂമിലെ ഒരു ജീവനക്കാരന്‍ വാഹനത്തെ കുറിച്ച് ഉടമയ്ക്ക് വിശദീകരിച്ച് നല്‍കുന്നതും തുടര്‍ന്ന് ജീവനക്കാരന്‍ അവിടെ നിന്ന് മാറുകയും ഉടമ പതിയെ വാഹനം മുന്നിലേക്ക് ഏടുക്കുന്നതും വീഡിയോയില്‍ കാണാം.  ആദ്യം വാഹനം പതിയെ മുന്നോട്ടുനീങ്ങുകയും നിൽക്കുകയും ചെയ്യുന്നു. തുടർന്ന്​ വീണ്ടും മുന്നോട്ടുനീങ്ങി ഷോറൂമിനുമുന്നിൽതന്നെ വളഞ്ഞുവന്ന്​ കോൺക്രീറ്റ് മതിലിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പെട്ടത് ഓട്ടോമാറ്റിക് വാഹനമായിരിക്കാമെന്നാണ് വിലയിരുത്തല്‍.  ഓട്ടോമാറ്റിക്​ വാഹനം ഓടിക്കുന്നതിലെ പരിചയക്കുറവാണ്​ അപകടത്തിന്​ കാരണമെന്നാണ്​ സൂചന. ഓട്ടോമാറ്റിക്​ കാറിലെ ക്രീപ്പ്​ ഫംഗ്​ഷനും ഇത്തരം അവസരങ്ങളിൽ വില്ലനാവാറുണ്ട്​. ബ്രേക്ക്​ പെഡലിൽ നിന്ന്​ കാലെടുത്താൽ വാഹനം തനിയെ മുന്നോട്ട്​ നീങ്ങുന്നതാണ്​ ക്രീപ്പ്​ ഫംഗ്​ഷൻ. ഇത്​ ട്രാഫിക്കിലും കയറ്റം കയറു​മ്പോഴും ഉപകാര​പ്പെടുന്ന ഫീച്ചറാണ്​. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, തലനാരിഴ വ്യത്യാസത്തിലാണ് തൊട്ടടുത്തുണ്ടായിരുന്ന ആഡംബര വാഹനത്തില്‍ ഈ കാര്‍ ഇടിക്കാതിരുന്നത്. 

ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ വാഹനമാണ് മിനി എസ്.യു.വിയായ പഞ്ച്. 1.2 പെട്രോള്‍ എന്‍ജിനില്‍ എത്തിയിട്ടുള്ള ഈ വാഹനത്തില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചത്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിങായ ഫൈവ് സ്റ്റാറും പഞ്ച്​ നേടിയിട്ടുണ്ട്​. പഞ്ച് നിലവിൽ പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ഗ്രേഡുകളിൽ ലഭ്യമാണ്. പ്രാരംഭ പ്രുവർ വേരിയന്റിന് 5.49 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് മോഡലിന് 9.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും. മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയവര്‍ക്കൊപ്പം നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്‍യുവികളുമായും പഞ്ച് മിനി എസ്‍യുവി വിപണിയില്‍ മത്സരിക്കും. 

click me!