പഞ്ചിനെ വീണ്ടും 'പഞ്ചാ'ക്കാന്‍ ടാറ്റ, വരുന്നൂ ടര്‍ബോ കരുത്തനും!

By Web TeamFirst Published Oct 28, 2021, 8:58 AM IST
Highlights

ഈ വാഹനത്തിന് പുതിയൊരു ടര്‍ബോ എഞ്ചിന്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ടാറ്റയുടെ പുതിയ മൈക്രോ എസ്‍യുവി (Micros SUV) പഞ്ചിനെ (Punch)അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.  

ഈ വാഹനത്തിന് പുതിയൊരു ടര്‍ബോ എഞ്ചിന്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 1.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷൻ ചേർക്കാനാണ് ടാറ്റയുടെ നീക്കം എന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഫെബ്രുവരിയിലോ മാർച്ചിലോ ടര്‍ബോ കരുത്തോടെ പഞ്ച് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അൾട്രോസ് ​​i-ടർബോയിൽ പ്രവര്‍ത്തിക്കുന്ന 110 bhp കരുത്തും 140 Nm പരമാവധി ടോര്‍ഖും പുറപ്പെടുവിക്കുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ഇതെന്നും പഞ്ചിന്റെ അകംപ്ലിഷ്‍ഡ് , ക്രിയേറ്റീവ്' ട്രിമ്മുകളിൽ ഇത് നൽകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

പഞ്ചിന്റെ 1.2 ലിറ്റർ ടർബോ-പെട്രോൾ പതിപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മൈക്രോ-എസ്‌യുവിയുടെ അരങ്ങേറ്റത്തിന് മുമ്പുതന്നെ പ്രചരിച്ചിരുന്നു.  ന്യൂജന്‍  കാർ ഉപഭോക്താക്കൾ കൂടുതല്‍ ഡ്രൈവിംഗ് ആവേശവും കരുത്തും തേടുന്നവരായതുകൊണ്ടുതന്നെ പുതിയ ടര്‍ബോ എഞ്ചിൻ തീർച്ചയായും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പഞ്ചിനെ സഹായിക്കും എന്നാണ് ടാറ്റയുടെ കണക്കുകൂട്ടല്‍. പഞ്ച് നിലവിൽ പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ഗ്രേഡുകളിൽ ലഭ്യമാണ്. പ്രാരംഭ പ്രുവർ വേരിയന്റിന് 5.49 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് മോഡലിന് 9.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയവര്‍ക്കൊപ്പം നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്‍യുവികളുമായും പഞ്ച് മിനി എസ്‍യുവി വിപണിയില്‍ മത്സരിക്കും.  

click me!