ആംബുലൻസുകളും വെന്‍റിലേറ്ററുകളും 10 കോടിയും; പ്രതിരോധത്തിന്‍റെ ടാറ്റ മാതൃക

By Web TeamFirst Published Jul 10, 2020, 3:28 PM IST
Highlights

കൊവിഡ് -19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി 100 വെന്റിലേറ്ററുകളും 20 ടാറ്റ വിംഗർ അധിഷ്ഠിത ആംബുലൻസുകളും 10 കോടി രൂപയും മഹാരാഷ്‍ട്ര സര്‍ക്കാരിന് നല്‍കി ടാറ്റ സൺസ് ഫൗണ്ടേഷൻ

കൊവിഡ് -19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി 100 വെന്റിലേറ്ററുകളും 20 ടാറ്റ വിംഗർ അധിഷ്ഠിത ആംബുലൻസുകളും 10 കോടി രൂപയും മഹാരാഷ്‍ട്ര സര്‍ക്കാരിന് നല്‍കി ടാറ്റ സൺസ് ഫൗണ്ടേഷൻ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് ടാറ്റ സൺസ് ഫൗണ്ടേഷൻറെ സംഭാവന. 

ടാറ്റാ സൺസ് ഫൗണ്ടേഷൻ നൽകിയ 10 കോടി രൂപ കൊവിഡ് -19 മഹാമാരി, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ ഒരു ഇമ്മ്യൂണോളജി, വൈറസ് അണുബാധ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി വിനിയോഗിക്കും. ഗവേഷണ കേന്ദ്രത്തിന് ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഘടിപ്പിക്കുമെന്നും ലോകമെമ്പാടുമുള്ള മികച്ച ഗവേഷണ സൗകര്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

2020 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ വിംഗർ ബിഎസ് 6 മോഡലുകളെ അടിസ്ഥാനമാക്കിയാണ് ടാറ്റയുടെ ആംബുലൻസുകൾ ഒരുക്കിയിരിക്കുന്നത്. 3200 WB, 3488 WB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആംബുലൻസുകൾ ലഭ്യമാണ്. രണ്ടും സിംഗിൾ സ്ട്രെച്ചർ ആംബുലൻസുകളാണ്. വിശാലമായ വാഹനങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്കും രോഗികൾക്കും സുഖപ്രദമായ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.

മിനി ആശുപത്രിയായി പ്രവർത്തിക്കുന്നതിനായി ഇന്റീരിയറുകൾ പുനർരൂപകൽപ്പന ചെയ്‌തു. ആംബുലൻസുകൾ AIS 125 പാർട്ട് 1 മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത് രോഗികളുടെ ഗതാഗതം, അടിസ്ഥാന ലൈഫ് സപ്പോർട്ട് എന്നിവയ്ക്കായി ഉപയോഗിക്കും. ടാറ്റ വിംഗറിൽ 2.2 ലിറ്റർ ബിഎസ്6 കംപ്ലയിന്റ് എഞ്ചിനാണ് വരുന്നത്. ഇത് 98 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ടാറ്റാ സൺസ് ബോർഡ് അംഗങ്ങളായ എന്‍ ചന്ദ്ര, മുംബൈ മേയർ കിഷോരി പെദ്‌നേക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് സംഭാവനകള്‍ കൈമാറിയത്. ടാറ്റാ ഗ്രൂപ്പ് മഹാരാഷ്ട്ര സർക്കാരിനു നൽകിയ സംഭാവനകള്‍ ഉപയോഗിച്ച് മുംബൈയിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

click me!