ഒടുവില്‍ വിടവാങ്ങാനൊരുങ്ങി സുമോയും!

By Web TeamFirst Published Sep 17, 2019, 3:57 PM IST
Highlights

ജനപ്രിയവാഹനം സുമോയുടെ നിര്‍മ്മാണം ടാറ്റ അവസാനിപ്പിക്കുന്നതായി സൂചന

ജനപ്രിയവാഹനം സുമോയുടെ നിര്‍മ്മാണം ടാറ്റ അവസാനിപ്പിക്കുന്നതായി സൂചന. നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതു സംബന്ധമായ വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. നിശബ്ദമായി വാഹനത്തിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1994ലാണ് സുമോ ആദ്യമായി വിപണിയിലെത്തിയത്.  ടാറ്റയുടെ X2 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരുന്നു വാഹനത്തിന്‍റെ വരവ്. ടാറ്റയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചീഫ് എക്സിക്യൂട്ടീവായിരുന്ന സുമന്ത് മോൾഗവോഖറിന്‍റെ സ്‍മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്‍റെ പേരില്‍ നിന്നും സുമോ എന്ന പേര് കമ്പനി ഉണ്ടാക്കുന്നത്. സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ അവതരിപ്പിക്കപ്പെട്ടതെങ്കെിലും പൊതുനിരത്തിലേക്കും വൈകാതെ സുമോകള്‍ ഒഴുകിയെത്തി. ഇന്നത്തെപ്പോലെ എസ്‍യുവികളും മറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് വലിയ വണ്ടിയായി മഹീന്ദ്രയുടെ ജീപ്പിനെ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ സുമോയെ നെഞ്ചേറ്റി.

പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. സാധാരണക്കാരെ മുന്നിൽക്കണ്ടിറക്കിയ വാഹനമെന്നതും സസ്‌പെൻഷൻ മികവും ഇന്ധനക്ഷമതയും സർവീസ് ലഭ്യതയുമെല്ലാം സുമോയെ ജനപ്രിയമാക്കി മാറ്റി. സ്വകാര്യ വാഹനമായും ടാക്സിയായുമൊക്കെ ഒരുപാടു സുമോകൾ നിരത്തിലെത്തി.  2000 ല്‍ സുമോ സ്‌പേഷ്യോയും 2004-ല്‍ സുമോ വിക്ടയും 2011-ല്‍ സുമോ ഗോള്‍ഡും എത്തി. 

2013ലാണ് സുമോ അവസാനം മുഖംമിനുക്കുന്നത്. ഡ്യുവല്‍ സോണ്‍ എസി, റേഡിയോ-സിഡി-എംപി3 സിസ്റ്റം, പുതിയ പെയിന്റ് സ്‌കീം, സ്റ്റിക്കറുകള്‍ എന്നിവയായിരുന്നു അന്ന് വരുത്തിയ മാറ്റങ്ങള്‍. നിലവില്‍ 3.0 ലിറ്റര്‍ ബിഎസ്4 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 85 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  8.77 ലക്ഷത്തിന്റെ സുമോ ഗോള്‍ഡ് ജി.എക്സ് ആണ് വിപണിയില്‍ അവസാനമിറങ്ങിയ വാഹനം.  സുമോയുടെ പരിഷ്‌കരിച്ച പതിപ്പ് സുമോ എക്‌സ്ട്രീം എന്ന പേരില്‍ പുറത്തിറങ്ങുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും ടാറ്റ പിന്മാറിയെന്നാണ് നിലവിലെ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

നിര്‍മാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. പുതുക്കിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുമോയെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

 

click me!