കൂടുതല്‍ സൗകര്യം, കൂടുതല്‍ ശൈലി, ടിയാഗോയുടെ ലിമിറ്റഡ് എഡിഷനുമായി ടാറ്റ മോട്ടോഴ്സ്

By Web TeamFirst Published Jan 31, 2021, 1:01 PM IST
Highlights

വാഹനത്തിന്‍റെ എഞ്ചിനില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനുമായി തന്നെയാകും വാഹനത്തിന്‍റെ ഹൃദയം...

ജനപ്രിയ മോഡല്‍ ടിയാഗൊയുടെ പുതിയ ലിമിറ്റിഡ് പതിപ്പുമായി ടാറ്റ മോട്ടോഴ്‍സ് എത്തുന്നു. വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീസര്‍ ചിത്രത്തിനൊപ്പം ''കൂടുതല്‍ സൗകര്യം, കൂടുതല്‍ ശൈലി, ന്യൂ ടിയാഗൊ- പരിധിയില്ലാത്ത വിനോദങ്ങള്‍'', എന്നിങ്ങനെ ഏതാനും വാചകങ്ങളും ടാറ്റ പങ്കുവെച്ചിട്ടുണ്ട്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ ഈ ഘട്ടത്തില്‍ ലഭ്യമല്ല.

മുമ്പ് പരീക്ഷണയോട്ടം നടത്തുന്ന ടിയാഗൊയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ടിയാഗൊ കാമോ, ടിയാഗൊ ഡാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ചില പ്രത്യേക പതിപ്പ് മോഡല്‍ പേരുകള്‍ 2020 സെപ്റ്റംബറില്‍ ടാറ്റ വ്യാപാരമുദ്ര നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന പുതിയ മോഡലിന് ഈ രണ്ട് പേരുകളില്‍ ഒന്നായിരിക്കും ലഭിക്കുക എന്ന് സൂചനകളുണ്ട്.

വാഹനത്തിന്‍റെ എഞ്ചിനില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനുമായി തന്നെയാകും വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 85 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് (എഎംടി) ആകും ട്രാന്‍സ്‍മിഷന്‍. ചില ഇന്റീരിയര്‍ അപ്ഡേറ്റുകളും വാഹനത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, ചില പുതിയ ബാഹ്യ ഡെക്കലുകളോ പുതിയ ഗ്രാഫിക് വര്‍ക്കുകളോ വാഹനത്തിൽ പ്രതീക്ഷിക്കാം.

അതേസമയം വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. മൂന്നുലക്ഷത്തിലധികം ടിയാഗോ യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.
 

click me!