പെട്രോളോ ഡീസലോ വേണ്ട ഈ സ്‍കൂട്ടറുകള്‍ക്ക്, വിലയോ തുച്ഛവും!

By Web TeamFirst Published Jul 18, 2019, 2:41 PM IST
Highlights

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തി

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തി. നിയോ, റാപ്റ്റര്‍, എമേര്‍ജ് എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 43,000 രൂപ മുതലാണ് 70-80 കിലോമീറ്റര്‍ റേഞ്ചുള്ള ഈ സ്‍കൂട്ടറുകളുടെ വില.  

നിയോക്ക് 43,000 രൂപ, റാപ്റ്ററിന് 60,771 രൂപ, എമേര്‍ജിന് 72,247 രൂപ എന്നിങ്ങനെയാണ് സ്‍കൂട്ടറുകളുടെ പൂനെ എക്‌സ്‌ ഷോറൂം വില. നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഹൃദയം. 

നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ്  ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതി. നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. 

കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിലാണ് നിയോയും റാപ്‍ടറും. എമേര്‍ജ് റെട്രോ രൂപത്തിലാണ്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് നിയോയില്‍ സുരക്ഷ ഒരുക്കുന്നത്. റാപ്‍ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍ തുടങ്ങിയവയും വാഹനങ്ങളിലുണ്ട്. മൂന്നു മോഡലുകളിലും മുന്നില്‍ ടെലസ്‌കോപ്പിക്കും പിന്നില്‍ ഡ്യുവല്‍ മോണോയുമാണ് സസ്‌പെന്‍ഷന്‍.

ആദ്യഘട്ടത്തില്‍ അഹമ്മദ്‌നഗര്‍, ഹൈദരാബാദ്, ലക്‌നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. വൈകാതെ ബെംഗളൂരു, തമിഴ്‌നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!