പണ്ട് പലരും പരിഹസിച്ചു, പക്ഷേ ഇന്നത് യാഥാര്‍ത്ഥ്യമാക്കി ടെസ്‍ല

By Web TeamFirst Published Mar 16, 2020, 2:19 PM IST
Highlights

പത്തു ലക്ഷം ഇലക്ട്രിക് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‍ല

പത്തു ലക്ഷം ഇലക്ട്രിക് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‍ല. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഇത്രയും കാറുകള്‍ പുറത്തിറക്കിയത്.

കമ്പനി സിഇഒ എലോണ്‍ മസ്‌ക് തന്നെയാണ് ഈ നാഴികക്കല്ല് നേടിയ വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. പത്തുലക്ഷം തികച്ച കാറിന്റെയും മോഡല്‍ വൈയുടെയും അത് നിര്‍മ്മിച്ച ടീമിന്റെയും ചിത്രം മസ്‍ക് ട്വീറ്റ് ചെയ്‍തു. 

ഇലക്ട്രിക് വാഹന വിപണി തങ്ങള്‍ കീഴടക്കുമെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്ല അവകാശ വാദം ഉന്നയിച്ചിരുന്നു. അന്ന് പലരും ഇത് ചിരിച്ചു തള്ളിയെങ്കിലും മസ്‍കിന്‍റെ ഈ വാദമാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യമായിരിക്കുന്നത്. മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ 3 എന്നിവയുമായി കമ്പനി അത്ഭുതമാണ് സൃഷ്ടിച്ചത്. ഇപ്പോള്‍  നാലാമത്തെ  മോഡല്‍ ആയ വൈ വിപണിയിലെത്താന്‍ പോകുന്നു.

കനേഡിയന്‍ വിപണിയില്‍ മോഡല്‍ വൈ ഡെലിവറികള്‍ 2020 -ന്റെ പകുതിയില്‍ ആരംഭിക്കും. യുഎസ് വിപണിയില്‍ ഡെലിവറികള്‍ ഈ മാസം തന്നെ ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് (RWD), ലോംഗ് റേഞ്ച് (RWD, AWD, പെര്‍ഫോമെന്‍സ്) എന്നിങ്ങനെ രണ്ട് പ്രധാന പതിപ്പുകളിലാണ് ടെസ്ല മോഡല്‍ വൈ വരുന്നത്. മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ 3, വരാനിരിക്കുന്ന പുതുതലമുറ റോഡ്സ്റ്റര്‍ എന്നിവയെ പിന്തുടര്‍ന്ന് ബ്രാന്‍ഡില്‍ നിന്നുള്ള അഞ്ചാമത്തെ ഉല്‍പ്പന്നമാണ് മോഡല്‍ വൈ ക്രോസ്ഓവര്‍. ഘട്ടം ഘട്ടമായിട്ടാവും കമ്പനി ആഗോള വിപണിയിലുടനീളം ക്രോസ്ഓവര്‍ അവതരിപ്പിക്കുന്നത്.

സിറ്റി ക്രോസ്ഓവര്‍ / എസ്യുവി വിഭാഗത്തില്‍ ഉപഭോക്താക്കള്‍ അടുത്ത കാലത്തായി വളരെയധികം താല്‍പര്യം കാണുന്നതിനാല്‍ മോഡല്‍ 3 സെഡാനേക്കാള്‍ മോഡല്‍ വൈ കൂടുതല്‍ വില്‍പ്പന നേടുമെന്ന് ടെസ്ല അവകാശപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച്, AWD ലോംഗ് റേഞ്ച്, AWD പെര്‍ഫോമന്‍സ് വേരിയന്റുകള്‍ക്കായി മാത്രമേ ഓര്‍ഡറുകള്‍ തുറന്നിട്ടുള്ളൂ, ബാക്കി പതിപ്പുകള്‍ക്കായുള്ളത് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമൊണ് പ്രതീക്ഷിക്കുന്നത്.

ലോംഗ് റേഞ്ച് ഇലക്ട്രിക് പാസഞ്ചര്‍ കാറുകളുടെ രംഗത്ത് മറ്റൊരു വാഹന നിര്‍മാതാവും ടെസ്ലയുടെ അടുത്തെത്തിയിട്ടില്ല. 2020 ന്റെ ആദ്യ പാദത്തില്‍ നിര്‍മ്മാണ ക്ഷമത ഉയര്‍ത്തി പുതിയ നാഴികക്കല്ല് പിന്നിടുകയാണ് കമ്പനി.കഴിഞ്ഞ വര്‍ഷം ചൈനയുടെ ബിവൈഡിയെ മറികടന്ന് ടെസ്ല ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹന നിര്‍മാതാക്കളായി.ടെസ്ല 2019 ഒക്ടോബറില്‍ 807,954 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ബിവൈഡിയുടെ വിഹിതം 787,150 ആയിരുന്നു.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഉള്‍പ്പെടെയാണ് ബിവൈഡിയുടെ ഇലക്ട്രിക് വാഹന വില്‍പ്പനക്കണക്ക്. ടെസ്ലയുടേത് മുഴുവനും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ്. തങ്ങളുടെ രണ്ടാമത്തെ വാഹന ഉല്‍പാദന സംരംഭമായ ഗിഗാഫാക്ടറി ഷാങ്ഹായില്‍ ആരംഭിച്ചതോടെ ടെസ്ലയുടെ ഉല്‍പാദന ശേഷി  വര്‍ദ്ധിച്ചു.

ഷാങ്ഹായില്‍ ഈ വര്‍ഷം 150,000 ഇലക്ട്രിക് കാറുകളുടെ വാര്‍ഷിക ഉല്‍പാദന നിരക്ക് കൈവരിക്കാന്‍ ടെസ്ല പദ്ധതിയിടുന്നുണ്ട്. ഫ്രീമോണ്ട് ഫാക്ടറിയുടെ ശേഷി വര്‍ഷാവസാനത്തോടെ 500,000 കാറുകളാകും.ഇതോടെ 650,000 കാറുകളുടെ വാര്‍ഷിക ഉല്‍പാദന ശേഷി പ്രതിവര്‍ഷം കൈവരിക്കുകയാണ് ലക്ഷ്യം. 1,000,000 സഞ്ചിത വില്‍പ്പനയില്‍ നിന്ന് പ്രതിവര്‍ഷ ഉല്‍പാദന ശേഷി 1,000,000 ആയി വര്‍ദ്ധിപ്പിക്കുകയാണ് എലോണ്‍ മസ്‌കിന്റെ അടുത്ത ലക്ഷ്യം. രണ്ടു വര്‍ഷത്തിനകം അത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!