കാര്‍ ഓട്ടോ മോഡിലിട്ട് യാത്രികര്‍ ചെയ്‍തത് ഇങ്ങനെ, കയ്യോടെ പൊക്കി പൊലീസ്!

By Web TeamFirst Published Sep 23, 2020, 11:14 AM IST
Highlights

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറില്ലാതെ കാർ ഓടുന്നതായാണ് കണ്ടത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗതിയിൽ പാഞ്ഞ കാറിന്‍റെ മുൻ സീറ്റുകൾ ചാരിവച്ച നിലയിലായിരുന്നു.

സ്വയം ഡ്രൈവ് ചെയ്യുന്ന മോഡിലിട്ട് ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് കാര്‍ കുതിച്ചുപാഞ്ഞു. കാറിന്‍റെ വേഗത 140 കിലോമീറ്ററില്‍ സെറ്റ് ചെയ്‍ത വച്ച ശേഷമായിരുന്നു ഡ്രൈവറുടെ ഉറക്കം. കാനഡയിലാണ് സംഭവം. ഗ്രാമത്തിലെ ഹൈവേയിലൂടെ അമിതവേഗത്തിൽ പാഞ്ഞ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൽബർട്ട പ്രവിശ്യയിലെ പൊനോക പട്ടണത്തിന് സമീപമാണ് സംഭവം.

ടെസ്‍ല കാറിനുള്ളിലെ രണ്ട് സീറ്റുകളും പൂര്‍ണമായും ചാരിയിട്ട ശേഷം ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും നല്ല ഉറക്കത്തിലായിരുന്നു. 140 കിലോ മീറ്റര്‍ സ്പീഡില്‍ ഓടുന്നതിനിടെയാണ് പൊലീസ് കാര്‍ തടഞ്ഞത്. റോയല്‍ കനേഡിയല്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) ആല്‍ബെര്‍ട്ടയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. 20-കാരനായിരുന്നു ടെസ്‌ലയുടെ ഡ്രൈവര്‍. സംഭവത്തെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഡ്രൈവറിനെതിരേ കേസെടുത്തതായും ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയതായും പൊലീസ് അറിയിച്ചു. 

“സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറില്ലാതെ കാർ ഓടുന്നതായാണ് കണ്ടത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗതിയിൽ പാഞ്ഞ കാറിന്‍റെ മുൻ സീറ്റുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു. വിശദമായി പരിശോധിച്ചപ്പോൾ കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു യാത്രക്കാരനും സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് വ്യക്തമായി. മണിക്കൂറിൽ 110 കിലോമീറ്ററാണ്  ദേശീയപാതയുടെ ആ ഭാഗത്തെ വേഗത പരിധി.." പൊലീസ് പറയുന്നു.

ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നതിനായാണ് വാഹനങ്ങളില്‍ ഓട്ടോ പൈലറ്റ് പോലുള്ള സംവിധാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് പൊലീസ് പറയുന്നു. 

         ലൈംഗിക ബന്ധത്തിനുള്ള ഒളിയിടമായി ഈ വാഹനങ്ങള്‍!

ഓട്ടോ പൈലറ്റ് സംവിധാനത്തിലും ഡ്രൈവിങ്ങിന്റെ ഉത്തരവാദിത്തം ഡ്രൈവറിനാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ്ങിനായല്ല ഓട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ടെസ്‍ലയും പറയുന്നു. നിലവിലെ ഓട്ടോപൈലറ്റ് സവിശേഷതകൾക്ക് സജീവ ഡ്രൈവർ മേൽനോട്ടം ആവശ്യമാണെന്നും വാഹനത്തെ സ്വയം പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ടെസ്‍ലയുടെ വെബ്‌സൈറ്റിൽ മുന്നറിയിപ്പുണ്ട്. ഈ മോഡിലാണെങ്കിലും ഡ്രൈവറുടെ കൈ സ്റ്റിയറിങ്ങ് വീലില്‍ വേണമെന്നുള്ളത് നിര്‍ബന്ധമാണ്.  സംഭവത്തെ അപലപിച്ച് കനേഡിയൻ ടെസ്‌ല ഉടമകളുടെ ക്ലബ് രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

click me!