ഭൂട്ടാനില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ ഹെലികോപ്റ്ററിന് പഴക്കം നാല് പതിറ്റാണ്ട്!

By Web TeamFirst Published Sep 27, 2019, 5:45 PM IST
Highlights

കാലപ്പഴക്കത്താൽ വളരെയധികം അപകടസാധ്യതയുള്ള ചീറ്റകൾ  മുമ്പും പലതവണ അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. സൈനികരുടെ മരണങ്ങൾക്കും കാരണമായിട്ടുണ്ട്. 

ഭൂട്ടാനിലെ ഇന്ത്യൻ കരസേനയുടെ ചീറ്റാ ഹെലികോപ്റ്റർ തകർന്ന് രണ്ടു സൈനികർ മരിച്ച സംഭവം ഓര്‍മ്മിപ്പിക്കുന്നത് ഇതേ തലക്കെട്ടുള്ള പഴയ ചില വാർത്തകളെയാണ്.  കാലപ്പഴക്കത്താൽ വളരെയധികം അപകടസാധ്യതയുള്ള ചീറ്റകൾ  മുമ്പും പലതവണ അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. സൈനികരുടെ മരണങ്ങൾക്കും കാരണമായിട്ടുണ്ട്. ഇവയ്ക്കു പകരം 200 കാമോവ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള ചർച്ചകൾ നരേന്ദ്രമോദിയും പുടിനും തമ്മിൽ നടന്നുവരുന്നതേയുള്ളൂ. അതിനിടെയാണ് ഈ പുതിയ അപകടം നടന്നിരിക്കുന്നത്. 

നാലു പതിറ്റാണ്ടു മുമ്പ്, 1970-ലാണ് ആദ്യമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) എന്ന ഇന്ത്യൻ സ്ഥാപനം 'ചീറ്റ'  സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്കായി എയ്‌റോ സ്‌പെയ്‌ഷ്യാൽ( പഴയ പേര് SNIAS) എന്ന ഫ്രഞ്ച് കമ്പനിയുമായി കരാറൊപ്പിടുന്നത്.  1976-77ആദ്യഡെലിവറി. അഞ്ചു (3+2) പേർക്ക് യാത്ര ചെയ്യാവുന്ന ചീത്തകൾ വളരെ നിലവാരം കൂടിയ, ഏറെ ഉയരത്തിൽ പറക്കാവുന്ന ഹെലികോപ്ടറുകളാണ്.  എന്നാൽ ഏതൊരു വാഹനത്തിനും ഉള്ളതുപോലെ ഇവയ്ക്കും 'കണ്ടം ചെയ്യേണ്ട' അഥവാ ഉപയോഗം നിർത്തേണ്ട ഒരു കാലയളവുണ്ട്. അതൊക്കെ കഴിഞ്ഞും ഇവ പറത്തിക്കൊണ്ടിരിക്കുന്നതാണ് അപകടങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നത്. 

മുൻകാലങ്ങളിൽ നടന്ന ചില ചീറ്റ അപകടങ്ങളുടെയും  അവയിൽ സംഭവിച്ച ആൾനാശങ്ങളുടെയും വിശദാംശങ്ങളുമാണ് ഇനി 

2016  നവംബർ 30 :  പശ്ചിമബംഗാളിലെ സിലിഗുഡിയ്ക്കടുത്ത സുഖ്‌നയിൽ ഒരു പതിവ് മിഷന് പോയി തിരിച്ചു വരുന്നതിനിടെ, രാവിലെ 11:45  അടുപ്പിച്ച്  ഹെലിപാഡിന് അടുത്തുവെച്ച് തകർന്നു വീഴുന്നു. മൂന്ന് ആർമി ഓഫീസർമാർ കൊല്ലപ്പെടുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. ആർമി ഏവിയേഷൻ കോർപ്സിന്റെ മുപ്പത്തിമൂന്നാം കോർപ്സിന്റേതായിരുന്നു ഈ ഹെലികോപ്റ്റർ. 

2016  മാർച്ച് 11  : പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയ്ക്കടുത്ത മൈലി ഗ്രാമത്തിലേക്ക് സാങ്കേതിക തകരാറുകാരണം ഇടിച്ചിറക്കുന്നു പൈലറ്റ് തന്റെ ചീറ്റ. ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്ന നാലു സൈനികരിൽ രണ്ടുപേർക്ക് പരിക്കുപറ്റുന്നു. 

2015 ഫെബ്രുവരി 3 : നാഗാലാൻഡിലെ ദീമാപ്പൂരിൽ ഒരു ചീറ്റ ഹെലികോപ്റ്റർ ഇടിച്ചിറങ്ങുന്നു. 

2014 ഒക്ടോബർ 1  :  ആർമിയുടെ ബറേലി യൂണിറ്റിന്റെ ഒരു ചീറ്റ ഹെലികോപ്റ്റർ നകാട്ടിയ നദിയ്ക്കടുത്ത് ഭർതൗൾ ഗ്രാമത്തിൽ തകർന്നുവീഴുന്നു. മേജർ അഭിജിത് ഥാപ്പ, കാപ്റ്റൻ അവിനാശ് കുമാർ, ഫ്ലൈറ്റ് എഞ്ചിനീയർ മേജർ വികാസ് ബര്യാനി എന്നിവർ മരണമടയുന്നു. 

2012 മെയ് 23   :   സിയാച്ചിൻ ഗ്ലേഷ്യറിലേക്ക് പറന്നു പൊങ്ങിയ ചീറ്റാ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിക്കുകയും കോ പൈലറ്റിന് പരിക്കേൽക്കുകയും ചെയ്യുന്നു. 

2010  ഓഗസ്റ്റ് 10  : ദിമാപൂരിനും ലീമാകോങിനും ഇടയിൽ പരിശീലനപ്പറക്കലിന് പോയ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റുമാരായ മേജർ രാകേഷ് ശർമ്മ, മേജർ നിഖിൽ പ്രകാശ് എന്നിവരും, യാത്രക്കാരനായ കേണൽ ബിപി പാലും തത്സമയം മരിക്കുന്നു.

2010  നവംബർ 8  : സിയാച്ചിൻ ഗ്ലേഷ്യറിലേക്ക് പറന്നു  പൊങ്ങിയ ചീറ്റാ ഹെലികോപ്റ്റർ തകർന്നു വീഴുന്നു. പൈലറ്റുമാർ ഭാഗ്യവശാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെടുന്നു. 

2004  ഒക്ടോബർ 4  : ഒരു പതിവ് സോർട്ടിക്കായി ഇന്തോ ചീന അതിർത്തിയിലൂടെ പറന്നു പൊങ്ങിയ ചീറ്റ തകർന്നു വീണപ്പോൾ ഇന്ത്യൻ സൈന്യത്തിന് നഷ്ടപ്പെട്ടത് മേജർ ജനറൽ ഡി പി സിങ്ങ്, അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച കേണൽ ബികെ പാണ്ഡെ, പൈലറ്റ് കാപ്റ്റൻ അർജുൻ സർദാന എന്നിവരുടെ ജീവനാണ്. 

അപകടങ്ങൾക്ക് കാരണം ഹെലികോപ്റ്ററുകളുടെ കാലപ്പഴക്കം 

ചീറ്റ/ചേതക് ഹെലികോപ്റ്ററുകളുടെ കാലപ്പഴക്കം കാരണമുണ്ടാകുന്ന ആവർത്തിച്ചുള്ള അപകടങ്ങളിൽ ആശങ്ക വ്യക്തമാക്കിക്കൊണ്ട് സേനാ ഓഫീസർമാരുടെ ഭാര്യമാരുടെ സംഘടന  2015-ൽ പ്രധാനമന്ത്രി മോദിയെ കാണുകയുണ്ടായി.  എഴുപതുകളിൽ വാങ്ങിയ ചീറ്റ ഹെലികോപ്ടറുകൾക്കു പകരം പുതിയവ വാങ്ങാൻ വേണ്ടി കുറച്ചധികനാളായി സൈന്യം ശ്രമങ്ങൾ തുടങ്ങിയിട്ട്.  

ചീറ്റയ്ക്ക് പകരമാവേണ്ട കാമോവ് Ka-226T ചോപ്പറുകളുടെ നിർമ്മാണം ഉടനെ തന്നെ ഇന്ത്യയിലെ HAL ഫാക്ടറിയിൽ തുടങ്ങാൻ സാധിക്കുമെന്നും, അധികം താമസിയാതെ തന്നെ ഇപ്പോഴും സൈന്യത്തിൽ തുടരുന്ന പഴക്കം ചെന്ന ചീറ്റകളെ മാറ്റാൻ സാധിക്കുമെന്നും സൈന്യം പ്രതീക്ഷക്കുന്നുണ്ട്. ഏറെ പണച്ചെലവ് വരുന്ന ഒരു മാറ്റമാകും ഇതെങ്കിലും, നാടിനു വേണ്ടി ജീവൻ അപകടത്തിലാക്കി അതിർത്തി കാക്കുന്ന സൈനികരുടെ ജീവനോളം വരില്ലല്ലോ ഒരു ഹെലികോപ്റ്ററിന്റെയും വില..!

click me!