ഒന്നുപോലുമില്ല ബാക്കി, ഈ കാറുകള്‍ മുഴുവനും വിറ്റുതീര്‍ന്നു!

By Web TeamFirst Published Dec 12, 2020, 12:54 PM IST
Highlights

മുഴുവന്‍ വാഹനങ്ങളും വിറ്റു തീര്‍ന്നതോടെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനം നീക്കം ചെയ്‍തു

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിന്റെ റൈഡര്‍ വേരിയന്‍റിന്‍റെ 2020-ലെ മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നതായി ടീംബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുവന്‍ വാഹനങ്ങളും വിറ്റു തീര്‍ന്നതോടെ ഈ വേരിയന്റ് സ്‌കോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്‍തു. 2021ല്‍ ആദ്യം തന്നെ വീണ്ടും റൈഡര്‍ വേരിയന്റ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കോഡ വാഹനനിരയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് റാപ്പിഡ്. റാപ്പിഡിന്റെ അടിസ്ഥാന വേരിയന്റാണ് റൈഡര്‍. ഇതിന്റെ വകഭേദങ്ങളില്‍ ഏറ്റവുമധികം ഡിമാന്റ് ഉണ്ടായിരുന്നത് റൈഡര്‍ വേരിയന്റിനായിരുന്നു എന്നാണ് സ്‌കോഡ പറയുന്നത്. ഈ വർഷം ആദ്യം, സ്കോഡ ഇന്ത്യ സെയിൽസ്, മാർക്കറ്റിംഗ് & സർവീസ് ഡയറക്ടർ സാക് ഹോളിസ്, റാപ്പിഡ് സെഡാൻ ഈ വർഷത്തേക്ക് അമിതമായി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഉൽ‌പാദന ശേഷിയേക്കാൾ ഡിമാൻഡ് കൂടുതലാണെന്നും പ്രസ്താവിച്ചിരുന്നു. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 175 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് ഒആർവിഎം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. 

റൈഡറിന്റെ വില്‍പ്പന അവസാനിച്ചതോടെ റൈഡര്‍ പ്ലസ്, അംബീഷന്‍, ഒനിക്‌സ്, സ്റ്റൈല്‍, മോണ്ട് കാര്‍ലോ എന്നീ അഞ്ച് വേരിയന്‍റുകളാണ് റാപ്പിഡിനുള്ളത്. റാപ്പിഡ് മാനുവല്‍ മോഡലിന് 7.99 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 9.49 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

click me!