മൂന്നുവര്‍ഷം മുമ്പ് മോഷണം പോയ കാര്‍ കണ്‍മുന്നിലൂടെ പാഞ്ഞു, അമ്പരന്ന് ഉടമ!

By Web TeamFirst Published Feb 9, 2020, 11:50 AM IST
Highlights

സിനിമാക്കഥയെ തോല്‍പ്പിക്കുന്ന സംഭവം വികാസങ്ങള്‍

കണ്ണൂര്‍: മൂന്നു വര്‍ഷം മുമ്പ് മോഷണം പോയ കാര്‍ കണ്‍മുന്നിലെത്തിയതിന്‍റെ അമ്പരപ്പിലാണ് കാസര്‍കോട് പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്‍തഫ എന്ന കാര്‍ ഉടമ. സിനിമാക്കഥയെ തോല്‍പ്പിക്കുന്ന സംഭവം വികാസങ്ങള്‍ ഇങ്ങനെ. 

സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് മൂന്നുവര്‍ഷം മുമ്പ് മുസ്‍തഫ തന്‍റെ കെഎല്‍ 60 5227 രജിസ്‌ട്രേഷനുള്ള തന്‍റെ വിട്ടുകൊടുക്കുന്നത്. എന്നാല്‍ കാറുമായി സുഹൃത്ത് കടന്നു കളഞ്ഞു.  ഒടുവില്‍ പ്രതിയെ പോലീസ് പൊക്കി. പക്ഷേ വാഹനം കിട്ടിയില്ല. ആര്‍ടി ഓഫിസില്‍ തിരക്കിയെങ്കിലും മുസ്‍തഫയുടെ പേരിലെ രജിസ്‌ട്രേഷന്‍ മാറ്റിയിട്ടില്ലായിരുന്നു. തുടര്‍ന്ന് മുസ്‍തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ ഹൊസ്‍ദുര്‍ഗ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്‍തു. കോടതി ബേക്കല്‍ പൊലീസിനു നോട്ടീസ് അയച്ചു. കാര്‍ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയില്‍ മറുപടി നല്‍കി. ഇതോടെ കോടതി നടപടിയും അവസാനിച്ചു.

ഇതിനിടെയാണ് കഴിഞ്ഞദിവസം തികച്ചും അപ്രതീക്ഷിതമായി കാര്‍ മുസ്‍തഫയുടെ മുന്നിലൂടെ പാഞ്ഞുപോയത്. പരിയാരത്തേക്കു പോകാന്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിക്കൂറില്‍ വച്ചാണ് തന്റെ മോഷ്ടിക്കപ്പെട്ട കാര്‍ ആരോ ഓടിച്ചുപോകുന്നത് ഇദ്ദേഹം കാണുന്നത്. ഉടന്‍ തന്നെ ബസില്‍ നിന്നു മുസ്തഫ ചാടിയിറങ്ങി. പക്ഷേ കാറിനടുത്തെത്തും മുമ്പേ അത് അകന്നു പോയി. തുടര്‍ന്നു കാഞ്ഞങ്ങാട് ആര്‍ടി ഓഫിസില്‍ വിവരം അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വണ്ടിയുടെ ആര്‍സി ബുക്ക് ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാറിയതായി അറിഞ്ഞു. 

മുസ്‍തഫ സുഹൃത്തിന് വണ്ടി കൊടുക്കുമ്പോള്‍ ആർസി ബുക്കിന്റെ ഒറിജിനലും വണ്ടിയിലുണ്ടായിരുന്നു. ഇതും മുസ്‍തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പിൽ വ്യാജ അപേക്ഷ നൽകിയാണ് മോഷ്ടാവ് കാറിന്റെ ആർസി ബുക്കിലെ വിലാസം മാറ്റിയത് എന്നാണ് സൂചന. 

മോഷ്ടിച്ചയാള്‍ വണ്ടി ആദ്യം കണ്ണൂര്‍ സ്വദേശിക്കും പിന്നീട് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിക്കും വിറ്റിരുന്നു. ഇപ്പോള്‍ വണ്ടി ഇരിക്കൂര്‍ സ്വദേശിയുടെ പേരിലാണ്. ഇരിക്കൂര്‍ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസിനു കൈമാറി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മുസ്തഫയ്ക്കു കാര്‍ തിരികെ കിട്ടും.

കാര്‍ കാണുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് സര്‍വ്വീസ് സെന്‍ററില്‍ നിന്നും ഇദ്ദേഹത്തിന് വിളി വന്നുവെന്നതും കൗതുകകരമാണ്. കാഞ്ഞങ്ങാട്ടെ കാര്‍ സര്‍വീസ് സെന്ററില്‍ നിന്നും സര്‍വീസ് ചെയ്യണമെന്ന അറിയിപ്പുമായിട്ടായിരുന്നു വിളി. കാര്‍ മോഷ്‍ടിക്കപ്പെട്ടെന്നു മറുപടി നല്‍കിയതോടെ സര്‍വീസ് സെന്ററുകാര്‍ നടത്തിയ അന്വേഷണത്തില്‍ കാര്‍  ഒന്നര വര്‍ഷം മുന്‍പ് സര്‍വീസിനായി കണ്ണൂരില്‍ എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ സംഭവത്തിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കാര്‍ മുസ്‍തഫയുടെ തന്നെ കണ്‍മുന്നിലെത്തുന്നത്. എന്തായാലും പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ എളുപ്പം തെളിയിക്കാമായിരുന്ന ഈ കാര്‍ മോഷണത്തിലെ പുതിയ സംഭവവികാസങ്ങള്‍ പൊലീസിന്‍റെ അനാസ്ഥയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നതും. 
 

click me!