
രാജ്യത്തെ പുക പരിശോധനയിൽ ആദ്യഘട്ടത്തിൽ തന്നെ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു എന്ന് റിപ്പോർട്ടുകൾ. പുക പുറന്തള്ളൽ പരിശോധനകൾ ഇപ്പോൾ പരിവാഹൻ സിസ്റ്റത്തിൽ പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നതിനെ തുടർന്നാണ് പല പഴയ വാഹനങ്ങളും പരാജയപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. പരിശോധനയുടെ വർദ്ധിച്ച കൃത്യത കൂടുതൽ വാഹനങ്ങൾ എമിഷൻ പരിശോധനകളിൽ പരാജയപ്പെടുന്നതിലേക്ക് നയിച്ചു. വാഹന ഉടമകൾ ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പരിശോധനയ്ക്കായി അവരുടെ വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീണ്ടും സമർപ്പിക്കണം.
പുക പരിശോധനയിൽ വിജയിക്കാതെ വാഹനങ്ങൾ പൊതുനിരത്തുകളിൽ ഓടിക്കാൻ സാധിക്കാത്തത് ഉടമകൾക്ക് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. കാർബറേറ്ററുകളുള്ള വാഹനങ്ങൾ പഴയ വാഹനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് വെഹിക്കിൾ എമിഷൻ ടെസ്റ്റിംഗ് ഉടമകൾ പറയുന്നത്. കൃത്യമായി സർവീസ് ചെയ്യാത്ത വാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. എയർ ഫിൽട്ടറുകൾ, സ്പാർക്ക് പ്ലഗുകൾ തുടങ്ങിയവയിലെ പ്രശ്‍നങ്ങൾ വാഹനങ്ങൾ ടെസ്റ്റിൽ പരാജയപ്പെടാനുള്ള സാധാരണ കാരണങ്ങളാണെന്നാണ് റിപ്പോർട്ടുകൾ.
പ്രാരംഭ പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളെ സർവീസ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടി വരും. അവിടെ കാർബ്യൂറേറ്ററുകൾ അടഞ്ഞുപോകുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക തകരാറുകൾ പരിഹരിക്കണം. എന്നിട്ടുവേണം പുക പരിശോധനയ്ക്ക് വീണ്ടും സമർപ്പിക്കാൻ. 2021 ൽ ആണ് പുക പരിശോധന ഓൺലൈൻ സംവിധാനം നിലവിൽ വന്നത്. എന്നാൽ പരിവാഹൻ വഴി പരിശോധന നിർബന്ധമാക്കുന്ന കർശനമായ നിയന്ത്രണങ്ങൾ 2024 ൽ മാത്രമാണ് നടപ്പിലാക്കിയത്. ഈ നിയന്ത്രണങ്ങൾക്ക് മുമ്പ്, ഏതൊരു പുക പരിശോധനാ കേന്ദ്രത്തിലെയും ഏകദേശം 90 ശതമാനം വാഹനങ്ങളും എമിഷൻ പരിശോധനയിൽ അനായസമായി വിജയിക്കുമായിരുന്നു.
എന്നാൽ പരിശോധനയ്ക്ക് പോലും ഹാജരാക്കാതെ വാഹനങ്ങൾ ടെസ്റ്റ് പാസാകുന്നത് പോലുള്ള ക്രമക്കേടുകൾ വ്യാപകമായിരുന്നു ഒരുകാലത്ത്. കർശനമായ നിയമങ്ങൾ നിലവിൽ വന്നതോടെ ഇപ്പോൾ 75 ശതമാനം വാഹനങ്ങൾ മാത്രമേ ആദ്യ ടെസ്റ്റിൽ വിജയിച്ച് കടന്നുപോകുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമം പാലിക്കാത്ത പരിശോധനാ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള സർക്കാർ നീക്കങ്ങളും കൂടുതൽ കൃത്യമായ പരിശോധനയ്ക്ക് കാരണമായി.
വൻ തുക മുടക്കി പഴയ വാഹനങ്ങൾ വാങ്ങുന്നവരെയാണ് ഈ പുതിയ പരിശോധനാ സംവിധാനം ഏറെ ബാധിച്ചിരിക്കുന്നത്. പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകൾക്ക് വൻ ഡിമാൻഡാണ് ഇന്ന് വാഹന വിപണിയിൽ. നിർമ്മിച്ച വർഷം അനുസരിച്ച് രണ്ടുമുതൽ ഒമ്പതുലക്ഷം വരെയൊക്കെ വിലയിലാണ് ഇപ്പോൾ നിർമ്മാണത്തിൽ ഇല്ലാത്ത ഇത്തരം വാഹനങ്ങൾ വിൽക്കുന്നത്. പലരും മോഹവില കൊടുത്താണ് ഇത്തരം വാഹനങ്ങൾ സ്വന്തമാക്കുന്നത്.
എന്നാൽ മേൽപ്പറഞ്ഞ സാഹചര്യത്തിൽ വൻ വില കൊടുത്ത് ഇത്തരം വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇനി രണ്ടുവട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും എന്നാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമൊക്കെ പറയുന്നത്. കാരണം വരും നാളുകളിൽ പഴയ വാഹനം പുക പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റുകളിൽ വിജയിക്കണമെങ്കിൽ വലിയ തുക മുടക്കി ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ കൂടി ചെയ്യേണ്ടി വരും. അപ്പോൾ മോഹവില കൊടുത്ത് ഇത്തരം വാഹനങ്ങൾ വാങ്ങുന്നവർ വാഹനവിലയെ കൂടാതെ വലിയൊരു തുക കൂടി ഇത്തരം ചെലവുകൾക്കായി ഓരോ തവണയും മുടക്കേണ്ടി വരും. എന്നിട്ടും ടെസ്റ്റിൽ പരാജയപ്പെട്ടാൽ വാഹനം റോഡിൽ ഇറക്കാനാവാതെ വീട്ടിൽ തന്നെ സൂക്ഷിക്കേണ്ടി വരികയോ പൊളിക്കാൻ കൊടുക്കുകയോ ചെയ്യേണ്ടി വരുമെന്നും ഈ മേഖലയിൽ ഉള്ളവർ മുന്നറിയിപ്പ് നൽകുന്നു.