
ഓൺലൈൻ ടാക്സി ഭീമനായ ഉബർ ഇന്ത്യയിലെ ഓട്ടോ ഡ്രൈവർമാർക്കായുള്ള പ്രവർത്തന മാതൃകയിൽ കാര്യമായ മാറ്റം പ്രഖ്യാപിച്ചു. കമ്പനി കമ്മീഷൻ അധിഷ്ഠിത സംവിധാനത്തിൽ നിന്ന് സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് (SaaS) സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലേക്ക് മാറുന്നു. ഈ മാറ്റത്തിന്‍റെ ഭാഗമായി, ഉബർ ആപ്പ് വഴി ബുക്ക് ചെയ്യുന്ന എല്ലാ ഓട്ടോ റൈഡുകൾക്കും ഇനി ക്യാഷ് പേമെന്‍റ് നൽകി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഫെബ്രുവരി 18 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകളും ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരവുമൊക്കെ യാത്രക്കാർക്ക് നഷ്‍ടമാകും എന്നാണ് റിപ്പോട്ടുകൾ. ഇതാ, ഇതേക്കുറിച്ച് അറിയേണ്ടതെല്ലാം.
ഇപ്പോൾ യൂബറിന്റെ ഓട്ടോ സർവീസ് ക്യാഷ്-ഒൺലി ആയിരിക്കും. സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് (SaaS) സമീപനത്തിലേക്കുള്ള ഉബറിന്റെ മാറ്റത്തിന്റെ ഭാഗമായാണ് ഈ മാറ്റം. യാത്രക്കാരെ ഡ്രൈവർമാരുമായി ബന്ധിപ്പിക്കുന്നതിൽ മാത്രമാണ് തങ്ങളുടെ പങ്ക് എന്ന് യൂബർ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നു. കൂടാതെ സേവനം കമ്പനിയിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഡ്രൈവർമാർക്കും റൈഡർമാർക്കും ഇടയിലുള്ള സംഘർഷം കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഈ നീക്കം എന്നും കമ്പനി പറയുന്നു.
പുതിയ 'ഓട്ടോ' മോഡലിൽ എന്താണ് മാറുന്നത്?
ഒരു ഉപഭോക്താവ് ഓട്ടോ യാത്രയ്ക്ക് എങ്ങനെയാണ് പണം നൽകുന്നത്?
ഉപഭോക്താവ് ഡ്രൈവർക്ക് നേരിട്ട് പണമായോ യുപിഐ വഴിയോ (ഡ്രൈവറുടെ യുപിഐ ഐഡി ഉപയോഗിച്ച്) പണം നൽകേണ്ടതുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, യൂബർ ആപ്പ് വഴിയുള്ള സംയോജിത യുപിഐ പേയ്‌മെന്റുകൾ അല്ലെങ്കിൽ യൂബർ ക്രെഡിറ്റുകൾ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ കഴിയില്ല. യാത്രയ്ക്കുള്ള നിങ്ങളുടെ പേയ്‌മെന്റുകളുടെ 100 ശതമാനം നേരിട്ട് ഡ്രൈവറിലേക്ക് പോകുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. എല്ലാ പേമെന്‍റുകളും ഡ്രൈവർ പങ്കാളിക്ക് നേരിട്ട് നൽകണമെന്നും യൂബർ ഒരു കമ്മീഷനും ഈടാക്കുന്നില്ല എന്നും പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുകയോ ട്രാക്ക് ചെയ്യുകയോ ചെയ്യുന്നില്ലെന്നും പുതിയ നിബന്ധനകൾ പറയുന്നു.