Mallya Car : "ഹാ! പുഷ്‍പമേ.." വിജയ് മല്യയുടെ ആഡംബര കാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്!

By Web TeamFirst Published Jan 24, 2022, 1:38 PM IST
Highlights

ഇപ്പോള്‍ പ്രാകൃതമായ അവസ്ഥയിൽ കിടക്കുന്ന ഈ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് ഒരിക്കൽ വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്നു

വായ്‍പാ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മുൻകാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികളിൽ ഒരാളായിരുന്നു. അതിഗംഭീരവും ആഡംബരം നിറഞ്ഞ ചില കാറുകളുടെ ശേഖരം കൊണ്ട് സമ്പന്നമായിരുന്നു മദ്യ രാജാവ് കൂടിയായിരുന്ന മല്യയുടെ ഗാരേജ്. 

മല്യയുടെ ഉടമസ്ഥതയിലുള്ള ഒരു ആഡംബര കാറിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാഹന ലോകത്തുമൊക്കെ ചര്‍ച്ചാ വിഷയം. മല്യയുടെ ശേഖരത്തിലെ മുൻനിര കാറുകളിലൊന്നായിരുന്നു വെള്ള നിറത്തിലുള്ള ഈ 1993 മോഡല്‍ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്. ഈ വാഹനത്തെ അടുത്തിടെ പൂനെയിൽ  ശോചനീയാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  

"parked.in.pune" എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് മല്യയുടെ ഉടമസ്ഥതയിലുള്ള ഈ പഴയ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കണ്ടെത്തിയത് എന്ന് കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 1991-ൽ ആദ്യമായി എത്തിയ ഈ W140 സീരീസ് എസ്-ക്ലാസ്, ആർട്ടിക് വൈറ്റിന്റെ ശാന്തവും മനോഹരവുമായ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാഹനത്തിന്‍റെ താഴത്തെ ഭാഗം സറ്റോഗ്രൗ മെറ്റാലിക് തീമിൽ ആണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഇത് മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് എസ് 280 എന്ന വേരിയന്റാണ്. അക്കാലത്ത് എസ് ക്ലാസ് മോഡലിന്റെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വേരിയന്റുകളിൽ ഒന്നായിരുന്നു ഇത്. വി12 എഞ്ചിനുമായി എത്തിയ എസ്-ക്ലാസിന്റെ ആദ്യ പതിപ്പാണ് ഡബ്ല്യു140 എസ്-ക്ലാസ്.  S 280 വേരിയന്റിന് 2.8-ലിറ്റർ M 104 സീരീസ് നാച്ചുറലി ആസ്പിരേറ്റഡ് ഇൻലൈൻ-സിക്സ് പെട്രോൾ എഞ്ചിനും ഉണ്ടായിരുന്നു. ഈ എഞ്ചിന്‍ 190 bhp പരമാവധി പവർ ഔട്ട്പുട്ടും 270 Nm പരമാവധി ടോർക്ക് ഔട്ട്പുട്ടും സൃഷ്‍ടിക്കുമെന്ന് ആയിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. 

മല്യയുടെ ഉടമസ്ഥതയിലുള്ള ഈ പ്രത്യേക യൂണിറ്റിന് 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ട്. സ്റ്റാൻഡേർഡ് ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവലിലും കാര്‍ വിപണിയില്‍ ലഭ്യമായിരുന്നു. S 280 ന് മണിക്കൂറില്‍ 215 കിലോമീറ്ററായിരുന്നു പരമാവധി വേഗത.  പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കാന്‍ 10.6 സെക്കൻഡുകള്‍ മതി എന്നായിരുന്നു മെഴ്‌സിഡസ് ബെൻസിന്‍റെ അവകാശവാദം. 

ഒരുകാലത്ത് ഈ W140 മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് അക്കാലത്ത് വിപണിയില്‍ ഉണ്ടായിരുന്ന മറ്റ് ആഡംബര വാഹന മോഡലുകളെക്കാള്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ കാറായിരുന്നു. ആ കാലഘട്ടത്തിൽ പ്രീമിയമായി കണക്കാക്കപ്പെട്ടിരുന്ന എല്ലാ സവിശേഷതകളും ഈ മോഡലില്‍ ഉണ്ടായിരുന്നു. എച്ച്ഐഡി സെനോൺ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, അഡാപ്റ്റീവ്, സെൽഫ്-ലെവലിംഗ് സസ്‌പെൻഷൻ തുടങ്ങിയ സജ്ജീകരണങ്ങളോടെയായിരുന്നു വാഹനം എത്തിയിരുന്നത്. 

ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ലോവർ സെന്റർ കൺസോളിലും ഫോക്‌സ് വുഡ് ഇൻസേർട്ടുകൾക്കൊപ്പം ഡ്യുവൽ-ടോൺ കറുപ്പും ബീജ് ഇന്റീരിയറുമായിട്ടായിരുന്നു ഈ പ്രത്യേക കാർ എത്തിയരുന്നത്. തൊണ്ണൂറുകളിൽ ആഡംബരമെന്നു കരുതിയിരുന്ന ഒരു ഫ്രണ്ട് സെന്റർ ആംറെസ്റ്റും 1-ഡിൻ മ്യൂസിക് സിസ്റ്റവും ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം.

വമ്പന്‍ ബിസിനസുകാർക്ക് പുറമെ, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ, ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഇഷ്‍ട മോഡല്‍ ആയിരുന്നു മേഴ്‍സിഡസ് ബെന്‍സ് എസ് ക്ലാസ് W140. 1998-ൽ കമ്പനി W140 S-ക്ലാസിന് പകരം കൂടുതൽ നൂതനവും ഭംഗിയുള്ളതുമായ W220 S-ക്ലാസ് അവതരിപ്പിച്ചു. 

മല്യയുടെ മെയ്ബാക്ക് 62 ഉം വാര്‍ത്തകളില്‍
കഴിഞ്ഞ വർഷം വിജയ് മല്യയുടെ മെയ്ബാക്ക് 62 കാറും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുംബൈയിലാണ് ലേലത്തിന് വച്ച വാഹനത്തെ അന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അപൂർവ ലിമോസിൻ ലേലം ചെയ്‍തത്. റോൾസ് റോയ്‌സ് ഗോസ്റ്റ് പോലുള്ള വാഹനങ്ങളുമായി മത്സരിക്കുന്ന മേബാക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിലൊന്നാണ്. 

മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നു 65കാരനായ വിജയ് മല്യ.  യുകെയിലെ കോടതി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്‍പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്.  സ്വിസ് ബാങ്കായ യുബിഎസിനുള്ള വായ്പക്കുടിശിക അടച്ചുതീർക്കാത്ത മല്യയുടെ ലണ്ടനിലെ കണ്ണായ സ്ഥലത്തെ ആഡംബര വസതി ജപ്‍തി ചെയ്യാൻ ബ്രിട്ടീഷ് കോടതി ബാങ്കിന് അനുമതി കൊടുത്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു നട്ടംതിരിയുന്ന മല്യയ്ക്ക്, 2 കോടി പൗണ്ടിന്റെ (204.96 കോടി രൂപ) വായ്പ തിരിച്ചടയ്ക്കാൻ ഇനിയും സാവകാശം നൽകുന്നതിൽ അർഥമില്ലെന്നാണു ഹൈക്കോടതി ചാൻസറി ഡിവിഷൻ വിധി. കേസിൽ നേരത്തെയും ബാങ്കിന് അനുകൂല വിധിയായിരുന്നെങ്കിലും കോവിഡ് മൂലം ജപ്‍തി നടപടി വൈകുകയായിരുന്നു.  കഴിഞ്ഞ അഞ്ച് വർഷമായി ബ്രിട്ടനിലുള്ള മല്യ വിവിധയിടങ്ങളിലുള്ള വീടുകളിൽ മാറി മാറി താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  മല്യയുടെ കിങ്ഫിഷർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് 9000 കോടിയുടെ വായ്പത്തട്ടിപ്പു കേസ് ഇന്ത്യയിൽ വേറെയുണ്ട്.

എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽനിന്ന് ആകെ 9000 കോടി രൂപ വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ വിജയ് മല്യ രാജ്യം വിടുകയായിരുന്നു. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ.  കഴിഞ്ഞവർഷമാണ് മല്യയെ പാപ്പരായി കോടതി പ്രഖ്യാപിച്ചത്. ഇതിനിടെ അദ്ദേഹം ബ്രിട്ടനിൽ അഭയം ചോദിച്ചിട്ടുമുണ്ട്. ബ്രിട്ടിഷ് സർക്കാരിന്റെ പരിഗണനയിലാണ് ഈ അപേക്ഷ.  
 

click me!