ഇന്ത്യന്‍ ബൈക്കില്‍ നിരത്തില്‍ പാഞ്ഞ് ഹോളിവുഡ് ആക്ഷന്‍ ഹീറോ, കയ്യടിച്ച് വാഹനലോകം!

By Web TeamFirst Published Oct 17, 2020, 9:43 AM IST
Highlights

ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ ടോം ക്രൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 

ഇന്ത്യന്‍ നിര്‍മ്മിത ബൈക്കില്‍ പാഞ്ഞ് ഹോളിവുഡ് ആക്ഷന്‍ ഹീറോ, കയ്യടിച്ച് വാഹനലോകം!
ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂയിസിന്റെ മിഷന്‍ ഇംപോസിബിള്‍-7-ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നെഞ്ചിടിപ്പേറ്റുന്ന ആക്ഷൻ സീക്വൻസുകളാണ്​ എം ഐ സീരീസിനെ ആകർഷകമാക്കുന്നത്​. ഈ സിനിമയിലെ ബൈക്ക്​ സ്​റ്റണ്ടുകളാണ് ഏറെ​ പ്രശസ്​തം. മിഷൻ ഇപോസിബിളിൽ ടോം അവതരിപ്പിക്കുന്ന ഈഥൻ ഹണ്ട്​ എന്ന ചാരന്‍റെ ഇഷ്​ട വാഹനം ബിഎംഡബ്ല്യു ബൈക്കുകളാണ്​. 

പറഞ്ഞുവരുന്നത് മറ്റൊരു കഥയാണ്. നിലവിൽ ചിത്രീകരണം നടക്കുന്ന മിഷന്‍ ഇംപോസിബിള്‍-7-ന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ഇന്ത്യയിലും വൈറലാണ്​. കാരണം എന്തെന്നല്ലേ? ഈ ഏഴാം പതിപ്പില്‍ ടോം ക്രൂസ് ഉപയോഗിക്കുന്ന വാഹനത്തിന് ഒരു പ്രത്യേകത ഉണ്ട്. മറ്റൊന്നുമല്ല, ഇന്ത്യന്‍ നിര്‍മിത ബി.എം.ഡബ്ല്യു. ജി 310 ജിഎസ് ബൈക്കാണ് ആ വാഹനം. ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ ടോം ക്രൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 

സിനിമയില്‍ ടോം ക്രൂയിസ് ഈ ബൈക്ക് പൊലീസ് ബൈക്കായാണ് ഉപയോഗിക്കുന്നത്. പോലീസ് ബൈക്കായാതിനാൽ നീല നിറത്തിലുള്ള പെയിന്റ് സ്‌കീമും പോലീസ് ഫീച്ചറുകളും ഇതില്‍ ഉണ്ട്. ഇറ്റലിയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു ചെയ്​സ്​ സീനിലാണ് ടോം ഈ മെയ്​ഡ്​ ഇൻ ഇന്ത്യ ബൈക്കുകള്‍  ഉപയോഗിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജി 310 ജി.എസിന്റെ മുന്‍തലമുറ മോഡലാണ് ഇതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ബി.എം.ഡബ്ല്യു. ജി 310 ജി.എസ്, ജി 310 ആര്‍ ബൈക്കുകളുടെ മുഖം മിനുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്.

ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ ബിഎംഡബ്ല്യു മോഡലായ ജി 310 ജിഎസ് ഓടിക്കുന്ന ടോമിനെയാണ്​ ചിത്രങ്ങളിൽ കാണുന്നത്​. ഇറ്റാലിയൻ പോലീസ്  ഉപയോഗിക്കുന്ന ജി 310 ജി‌എസാണിത്​. ഇന്ത്യയിൽ നിർമിച്ച്​ നിരവധി അന്താരാഷ്​ട്ര മാർക്കറ്റുകളിലേക്ക്​ കയറ്റുമതി ചെയ്യുന്ന വാഹനമാണിത്​. 

2018ലാണ്​ ബിഎംഡബ്ല്യു ജി 310 ജിഎസ് ഇന്ത്യയിൽ എത്തിച്ചത്​. ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബൈക്കിന്​ പുതിയ എൽ.ഇ.ഡി ലൈറ്റുകളും നിറങ്ങളും നൽകിയിട്ടുണ്ട്​.  313 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്​ ബൈക്കിന്‍റെ ഹൃദയം​. 9,500 ആർപിഎമ്മിൽ 34 എച്ച്പിയും 7,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. പഴയ മോഡലിന് എൽഇഡി ടെയിൽ-ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയതിന് എൽഇഡി ഹെഡ്​ലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും. മൂന്ന് കളർ സ്കീമുകളിൽ ബൈക്ക്​ ലഭ്യമാണ്.

നീല-വെള്ള, കറുപ്പ്​-വെള്ള, കറുപ്പ്-വെള്ള-ചുവപ്പ് എന്നിവ ചേർന്ന തിളക്കമുള്ള മൂന്ന്​-ടോൺ കളർ എന്നിവയാണ്​ നൽകിയിരിക്കുന്നത്​​. 'സ്റ്റൈൽ സ്‌പോർട്ട്' എന്ന് വിളിക്കുന്ന ത്രീ-ടോൺ ഓപ്ഷനിൽ ചുവന്ന നിറമുള്ള ഫ്രെയിമും ചക്രങ്ങളും ഉണ്ട്. 3 വർഷം വരെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെയാണ്​ വാഹനം ലഭ്യമാവുക. 

click me!