ഇന്നോവയുടെ വീട്ടില്‍ നിന്നും പുതിയൊരുവന്‍ കൂടി പുറപ്പെടുന്നു!

By Web TeamFirst Published Jul 6, 2020, 12:11 PM IST
Highlights

ഈ വാഹനത്തെ  ജൂലൈ 9ന് വിപണിയില്‍‌ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന എസ്‌യുവി മോഡലാണ് കൊറോള ക്രോസ്. ഈ വാഹനത്തെ  ജൂലൈ 9ന് വിപണിയില്‍‌ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ആദ്യഘട്ടമായി തായ്‌ലാന്‍ഡിലെ വിപണയിലേക്കാണ് ഈ വാഹനം എത്തുന്നത്.  

1.8 സ്‌പോര്‍ട്ട്, 1.8 ഹൈബ്രിഡ് സമാര്‍ട്ട്, 1.8 ഹൈബ്രിഡ് പ്രീമിയം, 1.8 ഹൈബ്രിഡ് പ്രീമിയം സേഫ്റ്റി എന്നീ നാല് വേരിയന്റുകളിലാണ് കൊറോള ക്രോസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് എന്‍ജിനാണ് കൊറോള ക്രോസിന് കരുത്തേകാന്‍ ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്നീ എഞ്ചിനുകള്‍ ആണവ. 

റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140 ബിഎച്ച്പി പവറവും 175 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഹൈബ്രിഡ് പതിപ്പിലെ  പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 122 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. സിവിടിയാണ് ഇരു മോഡലിലേയും ട്രാന്‍സ്മിഷന്‍. 

ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സി-എച്ച്ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎ-സി പ്ലാറ്റ്‌ഫോമില്‍ ടൊയോട്ടയുടെ റേവ്4-ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് കൊറോള ക്രോസ് ഒരുക്കിയിരിക്കുന്നത്. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെത്തുന്ന ഈ വാഹനത്തിന് 4460 എംഎം നീളവും 1825 എംഎം വീതിയും 1620 എംഎം ഉയരവും 2460 എംഎം വീല്‍ബേസും ആണുള്ളത്. 

തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ് എന്നിവയാണ് കൊറോള ക്രോസിന്‍റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്പര്‍, എല്‍ഇഡ് ടെയ്ല്‍ലാമ്പ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്. 

പ്രധാനമായും ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്കു വേണ്ടി എത്തുന്ന ഈ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍ ഹോണ്ട എച്ച്ആര്‍വി, മസ്ത സിഎക്‌സ്-0, ജീപ്പ് കോംപസ് എന്നീ വാഹനങ്ങള്‍ ആയിരിക്കും. 

click me!