വീട്ടുമുറ്റങ്ങളില്‍ ഒന്നാമനായി ഇന്നോവ മുതലാളി, കിരീടം തിരികെപ്പിടിച്ച് ടൊയോട്ട!

By Web TeamFirst Published Feb 1, 2021, 10:09 AM IST
Highlights

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് ആഗോള വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനക്കാരനായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് ആഗോള വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനക്കാരനായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൊയോട്ടയുടെ ഈ മിന്നുന്ന പ്രകടനം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിനെ മലര്‍ത്തിയടിച്ചാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് സ്വന്തമാക്കിയത്. 2020-ല്‍ 95.28 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വില്‍പ്പന ഇടിവോടെയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ടൊയോട്ടയുടെ ബ്രാന്റിലുള്ള വാഹനങ്ങള്‍ക്ക് പുറമെ, അവരുടെ ഉപകമ്പനികളുടെ കൂടി വില്‍പ്പന പരിഗണിക്കുമ്പോള്‍ ആകെ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണം 95.30 ലക്ഷത്തിലെത്തുന്നുണ്ട്. അഞ്ച് വർഷം മുമ്പാണ് ജർമൻ കാർ കമ്പനിയായ ഫോക്‌സ്‌വാഗനോട് ടൊയോട്ടക്ക് ഈ കിരീടം നഷ്‌ടമാകുന്നത്.

93.05 ലക്ഷം യൂണിറ്റാണ് 2020-ലെ ഫോക്‌സ്‌വാഗണിന്റെ ആകെ വില്‍പ്പന. ഫോക്‌സ്‌വാഗണിന്റെ മൊത്ത വില്‍പ്പനയില്‍ 15.2 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.  ഔഡി, പോര്‍ഷെ തുടങ്ങിയ ഉപകമ്പനികളുടെ വില്‍പ്പന ഉള്‍പ്പെടെയാണിത്. 

കൊവിഡ്-19 എന്ന മഹാമാരിയുടെ ഫലമായി ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലൂടെ കടന്നുപോയത് വിൽപ്പനയെ പ്രധാനമായും ബാധിച്ചു. എന്നിരുന്നാലും 2020 അവസാനത്തോടെ മിക്ക അന്താരാഷ്ട്ര വിപണികളിലും കാർ വിൽപ്പനയുടെ കാര്യത്തിൽ വലിയ വീണ്ടെടുക്കലാണ് ഉണ്ടായത്.

കൊറോണ വൈറസ് വ്യാപനത്തോടെ ടൊയോട്ട ഏറെ പ്രതിസന്ധിയിലേക്ക് പോയിരുന്നു. എന്നാല്‍, ടൊയോട്ടയുടെ ഏറ്റവും പ്രധാന വിപണിയായ അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വിപണി ഉണര്‍ന്നതോടെ ടൊയോട്ട വില്‍പ്പനയില്‍ മുന്നേറുകയായിരുന്നു. ടൊയോട്ട റേവ്4 എന്ന വാഹനമായിരുന്നു അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡല്‍. യു.എസില്‍ വില്‍പ്പന ഉയര്‍ന്നതാണ് ഫോക്‌സ്‌വാഗണിനെ മറികടക്കാന്‍ ടൊയോട്ടയെ സഹായിച്ചത്. 

യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ളത്. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം ശക്തമാകുകയും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഫോക്‌സ്‌വാഗണിന്റെ വില്‍പ്പന 15 ശതമാനം ഇടിഞ്ഞപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വില്‍പ്പനയില്‍ 24 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.  

എന്തായാലും ഇരുകമ്പനികളും തമ്മിലുള്ള പോരാട്ടം ഈ വര്‍ഷവും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!