എന്‍ഡവര്‍ കിതച്ചു, ടാറ്റയും മഹീന്ദ്രയും കുതിച്ചു, കണ്ടവര്‍ കൈയ്യടിച്ചു!

Published : Apr 20, 2019, 03:42 PM ISTUpdated : Apr 20, 2019, 03:44 PM IST
എന്‍ഡവര്‍ കിതച്ചു, ടാറ്റയും മഹീന്ദ്രയും കുതിച്ചു, കണ്ടവര്‍ കൈയ്യടിച്ചു!

Synopsis

കുത്തനെയുള്ള കുന്ന് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന എസ്‌യുവികളുടെ കിടിലന്‍ വീഡീയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

അമേരിക്കന്‍ ഐക്കണിക്ക് വാഹന കമ്പനി ഫോര്‍ഡിന്‍റെ എന്‍ഡവറും ജാപ്പനീസ് വാഹനഭീമന്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണറും ഇന്ത്യന്‍ വമ്പന്മാരായ ടാറ്റയുടെ സഫാരി സ്റ്റോമും മഹീന്ദ്രയുടെ ഥാറും പങ്കെടുത്ത കാര്‍ സ്റ്റണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുത്തനെയുള്ള കുന്ന് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന എസ്‌യുവികളുടെ കിടിലന്‍ വീഡീയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കൂറ്റന്‍ മണ്‍തിട്ട ഇറങ്ങാനും ഓടിക്കയറാനും ആദ്യ രംഗത്തു വരുന്നത് ഫോര്‍ഡ് എന്‍ഡവറാണ്. എന്നാല്‍ കുന്നിറങ്ങാനുള്ള എന്‍ഡവറിന്‍റെ ആദ്യനീക്കം നീക്കം തന്നെ പരാജയപ്പെടുന്നുവെന്നതാണ് കൗതുകകരം. നീളം കൂടിയ വീല്‍ബേസാണ് എന്‍ഡവറിനെ ചതിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനാവാതെ അകപ്പെട്ടു പോയ എന്‍ഡവറിനെ താഴേക്ക് വലിച്ചിറക്കാന്‍ ഒടുവില്‍ ഫോര്‍ച്യൂണര്‍ വരേണ്ടി വന്നു എന്നതും കൗതുകകരമായി. 

അങ്ങനെ കഷ്‍ടപ്പെട്ട് താഴെയിറങ്ങിയ എന്‍ഡവര്‍ തിരികെ കുന്നു കയറാന്‍ ശ്രമിച്ചെങ്കിലും ഫലം തഥൈവ. വീല്‍ബേസിന്‍റെ നീളം വീണ്ടും വില്ലനായി. ആഞ്ഞുപിടിച്ചിട്ടും നാണം കെടാനായിരുന്നു പാവം വാഹനത്തിന്‍റെ വിധി. കരകയറാനുള്ള ശ്രമത്തിനിടെ എന്‍ഡവറിന്‍റെ വീല്‍ കവര്‍ നഷ്ടപ്പെടുകയും ചെയ്‍തു. 

ടാറ്റ സഫാരി സ്റ്റോമിന്‍റെതായിരുന്നു അടുത്ത ഊഴം. പിറകിലെ സ്‌കിഡ് പ്ലേറ്റ് അടിയില്‍ തട്ടി ഇളകിയിട്ടും വലിയ കുഴപ്പമൊന്നുമില്ലാതെ സഫാരി സ്റ്റോം കുന്നു കയറി.  പിന്നാലെയെത്തിയ ടൊയോട്ട ഫോര്‍ച്യൂണറും അനായാസേന കുന്ന് കയറുന്നതു കാണാം. 

അവസാനം എത്തിയ മഹീന്ദ്രയുടെ ഥാറാണ് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്‍ചവച്ചത്. മറ്റു വാഹനങ്ങളൊക്കെ ഓഫ് റോഡിന് അനുയോജ്യമായ രീതിയില്‍ മോഡിഫിക്കേഷനുമായി വന്നപ്പോള്‍ യാതൊരു വേഷം കെട്ടലും ഇല്ലാതെയായിരുന്നു തനി ഇന്ത്യാക്കാരനായ ഥാറിന്‍റെ വരവ്. കൂളായെത്തിയ ഥാര്‍ കൂളായിത്തന്നെ കുത്തിറക്കം ഇറങ്ങി. പിന്നെ പാട്ടും പാടി തിരികെക്കയറുകയും ചെയ്‍തു, ഇതൊക്കെ കുറേ കണ്ടതാണെന്ന ഭാവത്തില്‍!

 

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!