Toyota Maruti : ഒരുലക്ഷം വില്‍പ്പന പിന്നിട്ട് ടൊയോട്ട ഗ്ലാൻസയും അർബൻ ക്രൂയിസറും

By Web TeamFirst Published Jan 29, 2022, 4:30 PM IST
Highlights

ഗ്ലാൻസ 65,000 യൂണിറ്റ് വിൽപ്പനയും അർബൻ ക്രൂയിസർ 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട തങ്ങളുടെ മാരുതി റീ ബാഡ്‍ജ് പതിപ്പുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നീ കാറുകൾ ഒരുമിച്ച് ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. മാരുതിയില്‍ നിന്നുള്ള റീ ബാഡ്‍ജ് പകതിപ്പുകളായ ഈ രണ്ട് കാറുകളും ആദ്യമായി 2019 ന്റെ രണ്ടാം പകുതിയിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മോഡലുകൾക്ക് ടൊയോട്ട ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ഡിമാൻഡ് ലഭിച്ചു.

ഗ്ലാൻസയ്ക്ക് 65,000 യൂണിറ്റ് വിൽപ്പനയും അർബൻ ക്രൂയിസർ 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി ടൊയോട്ട വാങ്ങുന്നവര്‍ക്ക് ഇടയിൽ 66 ശതമാനം പേർക്ക്, പ്രത്യേകിച്ച് ടയർ II & III വിപണികളിൽ, ഗ്ലാൻസയും അർബൻ ക്രൂയിസറും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

എക്സ്പ്രസ് മെയിന്റനൻസ് 60 (EM60), Q സേവനം, എക്സ്റ്റൻഡഡ് വാറന്റി & സർവീസ് പാക്കേജുകൾ (SMILES) എന്നിങ്ങനെ പ്രത്യേകം രൂപകല്പന ചെയ്ത മൂല്യവർദ്ധിത സേവന പരിപാടികളോടെയാണ് ഈ മോഡലുകൾ രാജ്യത്ത് വാഗ‍്ദാനം ചെയ്യുന്നത്. ഗ്ലാസ മാരുതി ബലേനോയുടെയും അർബൻ ക്രൂയിസർ വിറ്റാര ബ്രെസയുടെയും  റീബ്രാൻഡഡ് പതിപ്പുകളാണ്. 

“ഉയർന്ന ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ടൊയോട്ട വളരെ അഭിമാനിക്കുന്നു, ഈ നാഴികക്കല്ല് അതിന്റെ തെളിവാണ്. മികച്ച ഉടമസ്ഥാവകാശ അനുഭവം, അസാധാരണമായ വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ തുടങ്ങിയവ ടൊയോട്ട നല്‍കുന്നു.." ഗ്ലാൻസയുടെയും അർബൻ ക്രൂയിസറിന്റെയും വിജയത്തെക്കുറിച്ച് ടികെഎം സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു, 

ഗ്ലാൻസയും അർബൻ ക്രൂയിസറും വർഷങ്ങളായി അഭൂതപൂർവമായ വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, 2020-ലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലാന്‍സ 25 ശതമാനത്തില്‍ അധികം വളർച്ച രേഖപ്പെടുത്തി. യുവാക്കളായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഒരു നിശ്ചിത ബാലൻസ് നേടുന്നതിന് സഹായിച്ച ഈ രണ്ട് മോഡലുകൾക്കും നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കുന്നു.

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ പുതിയ അർബൻ ക്രൂയിസറിനെ 2020 ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാൻ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഉൽപ്പന്നം വികസിപ്പിക്കാൻ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു വർഷത്തിലേറെയായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇരു നിർമ്മാതാക്കളിൽ നിന്നുള്ള ഡിസൈനർമാരും പ്രൊഡക്ട് ഡവലംപ്മെന്റ് ടീമും എഞ്ചിനീയറിംഗ് ടീമുകളും വരാനിരിക്കുന്ന പ്രൊഡക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ എസ്‌യുവി നിലവിൽ രണ്ട് നിർമ്മാതാക്കളും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുക്കുന്നതെന്നാണ് വിവരം. ഗ്ലാൻസ എന്ന പേരിൽ ടൊയോട്ട വില്‍ക്കുന്ന മാരുതി ബലേനോയില്‍ ഇതുവരെ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അർബൻ ക്രൂയിസര്‍ എന്ന ബ്രെസയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍  പുതിയ മോഡല്‍ വെറുമൊരു റീ ബാഡ്‍ജ് പതിപ്പല്ല എന്നതാണ് കൌതുകകരം. 

പുതിയ കാറിന്റെ വികസനത്തിൽ രണ്ട് നിർമ്മാതാക്കളും ഉൾപ്പെട്ടിരിക്കുന്നതിനാൽ, എസ്‌യുവിയുടെ രണ്ട് ആവർത്തനങ്ങളിലും വളരെ വ്യത്യസ്തമായതും സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളും ഉണ്ടാകും. വാഹനത്തിന്റെ ഡെവലപ്പ്മെന്റിന്റെ ചെലവ് ഏകദേശം 1,000 കോടി രൂപയോളമാണ്. രണ്ട് നിർമ്മാതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ടൊയോട്ടയുടെ കർണാടക പ്ലാന്റിൽ നിർമ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലെ മാരുതി സുസുക്കി ഡീലർഷിപ്പുകളിലൂടെയും ടൊയോട്ട ഡീലർഷിപ്പുകളിലൂടെയും വിൽപ്പനയ്ക്ക് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!